അബുദബി: ഒക്ടോബര്‍ ആദ്യ വാരത്തോടെ യുഎഇ ശൈത്യകാലത്തിലേക്ക് കടക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു തുടങ്ങും. ശൈത്യകാലത്തെ വരവേല്‍ക്കാന്‍ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തയ്യാറായി കഴിഞ്ഞു. പകല്‍ സമയങ്ങളിലെ താപനില കുറഞ്ഞു. ആഗസ്റ്റ് അവസാനം മുതല്‍ രാജ്യത്ത് താപനില കുറഞ്ഞു തുടങ്ങിയിരുന്നു. പകല്‍ സമയങ്ങളില്‍ 42 ഡിഗ്രി സെല്‍ഷ്യല്‍സ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. ഒക്ടോബര്‍ ആദ്യവാരത്തോടെ ശൈത്യകാലത്തിന് തുടക്കമാകും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മഴയും തണുപ്പും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ 2, 3 തിയതികളില്‍ പകലും രാത്രിയും തുല്യമായിരിക്കും. തുടര്‍ന്ന് പകലിന്റെ ദൈര്‍ഘ്യം കുറയും. ശൈത്യകാലത്ത് രാജ്യത്ത് മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുകയും മൂടല്‍ മഞ്ഞ് രൂപപ്പെടുകയും ചെയ്യുന്നുണ്ട്.
ശൈത്യകാലത്തെ വരവേല്‍ക്കാന്‍ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും തയ്യാറായി കഴിഞ്ഞു. മഞ്ഞ് വീഴ്ച ആസ്വദിക്കാന്‍ റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സ് ഒരുങ്ങി. ലോകത്തിലെ ഏറ്റവും വലിയ സിപ് ലൈനും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ദുബൈയിലെ ഹത്ത, ഷാര്‍ജയിലെ മലീഹ, സഫാരി പാര്‍ക്ക്, എന്നിവടങ്ങള്‍ തുറന്നു. ദുബൈയിലെ സഫാരി പാര്‍ക്ക്, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളും ഉടന്‍ തുറന്നു പ്രവര്‍ത്തിക്കും. ശൈത്യകാലത്തിന്റെ വരവറിയിച്ചുള്ള ഹാര്‍വെസ്റ്റ് മൂണ്‍ സെപ്റ്റംബര്‍ 29 ന് പ്രത്യക്ഷമാകും. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ഏറ്റവും അടുത്തുള്ള പൂര്‍ണ ചന്ദ്രനാണ് ഹാര്‍വെസ്റ്റ് മൂണ്‍ എന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍ മൂണായിരിക്കും ഇത്. ഷമല്‍ എറിയപ്പെടുന്ന ശൈത്യകാല കാറ്റ് താപനില കുറക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇന്ന് കുറഞ്ഞ് താപനില 25 ഡിഗ്രി സെല്‍ഷ്യല്‍സ് വരെയാണ്. വിവിധ എമിറേറ്റുകളില്‍ താപനില ക്രമാതീതമായി കുറഞ്ഞതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.