യുഎഇ പൊതുമാപ്പിന് അപേക്ഷിക്കുന്ന താമസനിയമലംഘകരില്‍ ഭൂരിഭാഗം രാജ്യത്ത് തന്നെ തുടരാന്‍ താത്പര്യപ്പെടുന്നവര്‍ എന്ന് ഐസിപി. പന്ത്രണ്ട് ശതമാനം പേര്‍ മാത്രമാണ് രാജ്യത്ത് നിന്നും പോകാന്‍ തീരുമാനിച്ചവര്‍.ദുബൈയില്‍ മാത്രം ആദ്യ ആഴ്ച്ചയില്‍ ഇരുപതിനായിരത്തോളം പേരാണ് പൊതുമാപ്പിന് അപേക്ഷിച്ചത്.പൊതുമാപ്പ് തേടിയെത്തുന്നവരില്‍ ഭൂരിഭാഗം പേരും യുഎഇയില്‍ തന്നെ തുടര്‍ന്ന് ജീവിക്കുന്നതിനും തൊഴിലെടുക്കുന്നതിനും ആഗ്രഹിക്കുന്നവരാണെന്നാണ് ഐസിപി വ്യക്തമാക്കുന്നത്. ആദ്യ ആഴ്ച്ചയില്‍ പൊതുമാപ്പിനായി അപേക്ഷിച്ചവരില്‍ എണ്‍പത്തിയെട്ട് ശതമാനം പേരും രേഖകള്‍ നിയമപരമാക്കി രാജ്യത്ത് തുടരാന്‍ താത്പര്യപ്പെടുന്നവര്‍ ആണെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി പറഞ്ഞു.
മനുഷ്യാവകാശങ്ങളെ മാനിച്ചുകൊണ്ടാണ് താമസനിയമലംഘകര്‍ക്ക് പിഴയോ വിലക്കോ കൂടാതെ രേഖകള്‍ നിയമപരമാക്കി രാജ്യത്ത് തന്നെ തുടരുന്നതിന് യുഎഇ അവസരം നല്‍കുന്നതെന്നും ഐസിപി മേധാവി പറഞ്ഞു.അതെസമയം പൊതുമാപ്പ് പ്രാബല്യത്തില്‍ വന്ന് ഒരാഴ്ച്ച പിന്നിടുമ്പോള്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് നിയമലംഘകര്‍ ആണ് എത്തിക്കൊണ്ടിരിക്കുന്നത്.ദുബൈയില്‍ മാത്രം ആദ്യ ആഴ്ച്ചയില്‍ 19784 അപേക്ഷകള്‍ ആണ് ലഭിച്ചത്. ഇതില്‍ 98.96 ശതമാനം അപേക്ഷകളും നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീര്‍പ്പാക്കി.
അപേക്ഷകളില്‍ തൊണ്ണൂറ് ശതമാനത്തോളവും ഡിജിറ്റല# പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ലഭിച്ചത്. അവീറിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ 2393 പേര്‍ ആണ് ആദ്യ ആഴ്ച്ചയില്‍ എത്തിയത്. 17391 അപേക്ഷകള്‍ 86 അമര്‍ സെന്ററുകളിലായിട്ടാണ് കൈകാര്യം ചെയ്തതെന്നും ദുബൈ ജിഡിആര്‍എഫ്എ അറിയിച്ചു. വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളും പൊതുമാപ്പ് നടപടിക്രമങ്ങളുമായി സഹകരിക്കുന്നുണ്ടെന്നും ദുബൈ ജിഡിആര്‍എഫ്എ അറിയിച്ചു.