യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രാബല്യത്തില്‍ വരാനിരിക്കെ രാജ്യത്തെ ടൈപ്പിംഗ് സെന്ററുകളില്‍ ലഭിക്കുന്നത് നിരവധി ഫോണ്‍ കോളുകള്‍. പൊതുമാപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ചാണ് താമസനിയമലംഘകരുടെ അന്വേഷണങ്ങള്‍. പൊതുമാപ്പ് നടപടിക്രമങ്ങള്‍ ഇമിഗ്രേഷന്‍ അധികൃതര്‍ വൈകാതെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
സെപ്റ്റംബര്‍ ഒന്നിന് ആണ് രാജ്യത്തെ താമസനിയമലംഘകര്‍ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രാബല്യത്തില്‍ വരിക.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി നിരവധി പേര്‍ കാത്തിരിക്കുന്നുവെന്നാണ് യുഎഇയിലെ ടൈപ്പിംഗ് സെന്ററുകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ദിനവും നൂറുകണക്കിന് ഫോണ്‍ കോളുകള്‍ ആണ് ടൈപ്പിംഗ് സെന്ററുകളില്‍ പൊതുമാപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. പൊതുമാപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ചും ആവശ്യമായ രേഖകള്‍ എന്തെല്ലാം എന്നത് അടക്കം ആണ് അന്വേഷണങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും വ്യക്ത വരേണ്ടതുണ്ടെന്നാണ് ടൈപ്പിംഗ് സെന്ററുകള്‍ പറയുന്നത്.പൊതുമാപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും എന്നാണ് ഐസിപി നേരത്തെ അറിയിച്ചിട്ടുള്ളത്. ഇത് വൈകാതെ ഉണ്ടാകും എന്നാണ് പ്രതീക്ഷ.
മുന്‍കാലങ്ങളിലേത് പോലെ ഇത്തവണ പ്രത്യേക പൊതുമാപ്പ് കേന്ദ്രങ്ങളും ടെന്റുകളും ഉണ്ടാകില്ലെന്നാണ് ഐസിപി അധികൃതര്‍ സൂചന നല്‍കിയിട്ടുള്ളത്. പകരം ടൈപ്പിംഗ് സെന്ററുകള്‍ മുഖേന വ്യക്തികള്‍ അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടത്. താമസനിയമലംഘകര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്തി പിഴ കൂടാതെ രാജ്യം വിടുകയോ രേഖകള്‍ നിയമപരമായി രാജ്യത്ത് തുടരുകയോ ചെയ്യാം.