യുഎഇ നടപ്പാലാക്കിയ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതുവരെ 8.4 ദശലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. 2023 ജനുവരിയിലാണ് യുഎഇ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചത്. ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നാനൂറ് ദിര്‍ഹമാണ് പിഴ ഈടാക്കുക.
രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയത്. 2023 ജനുവരിയില്‍ ആരംഭിച്ചതു മുതല്‍ ഇതുവരെ 8.4 ദശലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നാല് മാസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് സമയം അനുവദിച്ചിട്ടുണ്ട്. സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നാനൂറ് ദിര്‍ഹമാണ് പിഴ ഈടാക്കുക. ലഭിച്ച പിഴകള്‍ ഒഴിവാക്കുന്നതിനും മന്ത്രാലയത്തില്‍ അപേക്ഷ നല്‍കാം. ഇതിനായി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ.
അപേക്ഷ ലഭിച്ച തിയതി മുതല്‍ 15 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷകനെ വിവരം അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമകള്‍, സംരംഭകര്‍, വീട്ടുജോലിക്കാര്‍, താല്ഡകാലിക തൊഴില്‍ കരാറില്‍ ജോലി ചെയ്യുന്നവര്‍, 18 വയസ് തികയാത്ത ജോലിക്കാര്‍, വിരമിച്ച ശേഷം ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.