ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി അബുദബി കിരീടവാകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നേതാക്കള്‍ കൂടിക്കാഴ്ച്ചയില്‍ വിലയിരുത്തി. നിരവധി പുതിയ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.ദില്ലി ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം നേതാക്കള്‍ കൂടിക്കാഴ്ച്ചയില്‍ അവലോകനം ചെയ്‌തെന്ന് അബുദബി മിഡീയ ഓഫീസ് അറിയിച്ചു. ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി.
കേന്ദ്രപെട്രോളിയം പ്രകൃതിവാതക മന്ത്രി മന്ത്രി ഹര്‍ദീപ് സിംഗ് പുരി, വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. ഇന്ത്യ-യുഎഇ സമഗ്രസാമ്പത്തിക പങ്കാളിത്തക്കരാറിന്റെ ഭാഗമായിട്ടുള്ള നിരവധി കരാറുകളും ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ കൂടിക്കാഴ്ച്ചക്കിടയില്‍ ഒപ്പുവെച്ചു.അബുദബി എണ്ണകമ്പനിയായ അഡ്‌നോക്കും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മില്‍ പ്രതിവര്‍ഷം പത്ത് ലക്ഷം മെട്രിക് ടണ്‍ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. പതിനഞ്ച് വര്‍ഷത്തേക്ക് ആണ് കരാര്‍.
അബുദബി നിക്ഷേപ കമ്പനിയായ എഡിക്യു ഗുജറാത്തില്‍ ഭക്ഷ്യപാര്‍ക്ക് ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഒപ്പുവെച്ചു.ഗൂജറാത്ത് സര്‍ക്കാരുമായാണ് കരാര്‍.എമിറേറ്റ്‌സ് ന്യുക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ന്യുക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യുമായും ഒരു കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.ആണവോര്‍ജ രംഗത്ത് അറിവും അനുഭവവും പരസ്പരം പങ്കുവെയ്ക്കുന്നതിന് ആണ് കരാര്‍.ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെയാണ് അബുദബി കിരീടവകാശി ദില്ലിയില്‍ എത്തിയത്. നാളെ മുംബൈയില്‍ നടക്കുന്ന വ്യവസായ സംഗമത്തിലും ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തും.