യുഎഇയുടെ ബറാക്ക ആണവനിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണശേഷിയിലേക്ക് ഉയര്‍ന്നു.ആണവനിലയത്തിന്റെ നാലാം യൂണിറ്റും പ്രവര്‍ത്തനം ആരംഭിച്ചതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. 1400 മെഗാവാട്ടാണ് നാലാം യൂണിറ്റിന്റെ ഉത്പാദന ശേഷി.അറബ് ലോകത്തെ ആദ്യ ആണവനിലയമായ യുഎഇയുടെ ബറാക്കാ പ്ലാന്റിന് നാല് യൂണിറ്റുകള്‍ ആണ് ഉള്ളത്.ഇതില്‍ നാലാം യൂണിറ്റും വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി ഉത്പാദനം ആരംഭിച്ചിരിക്കുകയാണ്.
കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന യുഎഇയുടെ ലക്ഷ്യത്തില്‍ നിര്‍ണ്ണായകമായ ഒരു ഘട്ടം കൂടി രാജ്യം മറികടന്നിരിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു.ബറാക്ക നിലയം പൂര്‍ണ്ണശേഷിയിലേക്ക് എത്തിയതോടെ പ്രതിവര്‍ഷം 22 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ആണ് ഒഴിവാക്കാന്‍ കഴിയുക. കഴിഞ്ഞ മാര്‍ച്ചിലാണ് ബാറാക്ക നിലയത്തിന്റെ നാലം യൂണിറ്റ് ദേശീയ പവര്‍ഗ്രിഡുമായി ബന്ധിപ്പിച്ചത്. ഊര്‍ജ്ജ ഉത്പാദന ശേഷി ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിച്ചാണ് നാലാം യൂണിറ്റ് പൂര്‍ണ്ണശേഷിയിലേക്ക് എത്തിയിരിക്കുന്നത്.
മറ്റ് മൂന്ന് യൂണിറ്റുകള്‍ പൂര്‍ണ്ണപ്രവര്‍ത്തനശേഷിയിലേക്ക് എത്തിക്കുന്നതിന് വേണ്ടി വന്നതിനെക്കാള്‍ കുറച്ച് മാത്രം സമയമെടുത്താണ് നാലാം യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കിയത്. 2020 ഫെബ്രുവരിയില്‍ ആണ് ഒന്നാം യൂണിറ്റിന് പ്രവര്‍ത്തന ലൈസന്‍സ് ലഭിച്ചത്. പൂര്‍ണ്ണശേഷിയിലേക്ക് എത്തിയതോട രാജ്യത്ത് ആവശ്യമായ മൊത്തം വൈദ്യുതിയുടെ ഇരുപത്തിയഞ്ച് ശതമാനം ബറാക്ക നിലയത്തില്‍ നിന്നും ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.അറുപത് വര്‍ഷം ആണ് നിലയത്തിന്റെ ആയുസ് കണക്കാക്കിയിരിക്കുന്നത്.