യുഎഇയില്‍ അടുത്ത രണ്ട് മാസങ്ങള്‍ക്കിടയില്‍ താപനിലയില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസിന്റെ വരെ കുറവ് രേഖപ്പെടുത്തും എന്ന് കാലാവസ്ഥാ വിദഗദ്ധര്‍.രാജ്യത്ത് വരും മാസങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധര്‍ പറഞ്ഞു.
യുഎഇയില്‍ വേനല്‍ക്കാലത്തിന് സമാപനമാവുകയാണ്.സെപ്റ്റംബര്‍ അവസാനിക്കുന്നതോട് കൂടി വേനല്‍ക്കാലം പൂര്‍ണ്ണമായും രാജ്യത്ത് സമാപിക്കും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധന്‍ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. നിലവില്‍ രാജ്യത്ത് നാല്‍പ്പത്തിരണ്ട് ഡിഗ്രി സെല്‍ഷ്യസിനും നാല്‍പ്പത്തിയഞ്ച് ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ആണ് താപനില. ഇത് ഒക്ടടോബറില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ് മുപ്പത്തിയെട്ട് ഡിഗ്രി സെല്‍ഷ്യസിനും നാല്‍പ്പത്തിരണ്ട് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും അനുഭവപ്പെടുക.
നവംബറില്‍ താപനില മുപ്പത്തിയഞ്ച് ഡിഗ്രി സെല്‍ഷ്യസിനും മുപ്പത്തിയൊന്‍പത് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലേക്ക് താഴും. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ അടുത്ത രണ്ട് മാസം മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. കാലാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റങ്ങളുടെ മാസങ്ങളാണ് വരുന്നതെന്നും വിദഗദ്ധര്‍ വ്യക്തമാക്കുന്നുണ്ട്.രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലും കിഴക്കന്‍ മേഖലയിലും മഴയ്ക്കും സാധ്യതയുണ്ട്.