യുഎഇയില്‍ മെര്‍ക്കുറി തെര്‍മ്മോമീറ്ററുകള്‍ക്ക് നിരോധനം. സിറിഞ്ചുകള്‍ ഒന്നിലധികം തവണ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. യുഎഇ മന്ത്രിസഭയുടെതാണ് തീരുമാനം.പുതിയ തീരുമാനം സെപ്റ്റംബര്‍ ഇരുപത്തിയഞ്ചിന് പ്രാബല്യത്തില്‍ വരും.
രാജ്യത്തെ ആരോഗ്യസ്ഥാപനങ്ങളിലേയും ലബോറട്ടറികളിലേയും പരിശോധന ഉപകരണങ്ങള്‍ സംബന്ധിച്ച 2023-ലെ തൊണ്ണൂറാം മന്ത്രിസഭാ തീരുമാനപ്രകാരം ആണ് മെര്‍ക്കുറി തെര്‍മ്മോമീറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. മെര്‍ക്കുറി തെര്‍മ്മോമീറ്ററുകളുടെ ഇറക്കുമതിക്കും ഉപയോഗത്തിലും വിലക്കുണ്ട്. മെര്‍ക്കുറി ഉപയോഗിച്ചുള്ള രക്തസമ്മര്‍ദ്ദ പരിശോധനാ ഉപകരണങ്ങള്‍ക്കും നിരോധനം ഉണ്ട്. രാജ്യത്തെ ആരോഗ്യസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന തെര്‍മോമീറ്ററുകള്‍ അടക്കം മുഴുവന്‍ പരിശോധനാ ഉപകരണങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കുന്നതും അംഗീകൃതവുമായിരിക്കണം എന്ന് മന്ത്രിസഭാ തീരുമാനത്തില്‍ പറയുന്നുണ്ട്.
പരിശോധന ഉപകരണങ്ങളും സിറിഞ്ചുകളും നിലവാരം പാലിക്കുന്നുണ്ടെന്ന് നിര്‍മ്മാതാക്കാളും വിതരണക്കാരും ഉറപ്പാക്കണം. രാജ്യത്ത് വിതരണം ചെയ്യുന്ന ആരോഗ്യപരിശോധനാ ഉപകരണങ്ങള്‍ക്ക് നിലവാരമില്ലെങ്കില്‍ വ്യവസായ മന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ നിലവാരമുള്ളവയാണെന്ന് ഉറപ്പാക്കുന്നതിന് മന്ത്രാലയം പരിശോധന നടത്തണം എന്നും നിര്‍ദ്ദേശം ഉണ്ട്.