യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴ. രാവിലെ മുതല്‍ വിവിധ എമിറേറ്റുകളില്‍ നേരിയ മഴ ലഭിച്ചു. രാജ്യത്ത് ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്ന് രാവിലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നേരിയ മഴ അനുഭവപ്പെട്ടു. റാസല്‍ഖൈമയില്‍ അല്‍ റംസ്, ഷമാല്‍, ഫുജൈറ, ഷാര്‍ജയില്‍ രാജ്യാന്തര വിമാനത്താവളം, അബുദബിയിലെ അല്‍ബതീന്‍, ദുബൈ രാജ്യാന്തര വിമാനത്താവളം, ഉംഅല്‍ഖുവൈന്‍, എന്നിവിടങ്ങളിലാണ് നേരിയ മഴ അനുഭവപ്പെട്ടത്. രാജ്യത്ത് ഇന്ന് മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. കടല്‍ പ്രഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ നാളെ പുലര്‍ച്ചെ ആറ് മണി വരെ അറേബ്യന്‍ കടലില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. പലയിടത്തും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അല്‍ ദഫ്ര മേഖലയിലെ ഹംറയില്‍ നിന്ന് മഹ്‌മിയത്ത് അല്‍ സുഖൂറിലേക്കുള്ള ഷെയ്ഖ് ഖലീഫ ഇന്റര്‍നാഷണല്‍ റോഡില്‍ ശക്തമായ പൊടിക്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സുരക്ഷിതരായിരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. താപനിലയിലും കുറവ് രേഖപ്പെടുത്തി. രാവിലെ റാസല്‍ഖൈമയില്‍ കുറഞ്ഞ താപനില 10.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.