യുഎഇയില്‍ ചിലയിടങ്ങളില്‍ ഈ മാസം എട്ട് വരെ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസമായി ചില പ്രദേശങ്ങളില്‍ നേരിയ മഴ ലഭിച്ചിരുന്നു. രാജ്യത്ത് താപനിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി രാജ്യത്തേയ്ക്ക് മഴ മേഘങ്ങളുടെ ഒഴുക്ക് വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍. ഒമാന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം യുഎഇയുടെ തീരപ്രദേശങ്ങളെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഈ മാസം എട്ട് വരെ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനൊപ്പം പൊടികാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഫുജൈറ, ഖോര്‍ഫക്കാന്‍, ഹത്ത, അല്‍ഐന്‍, അബുദബിയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവടങ്ങളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്തിന്റെ ചില മേഘലകളില്‍ നേരിയ മഴ അനുഭവപ്പെട്ടിരുന്നു.
ഇന്ന് രാവിലെ കിഴക്കന്‍ പ്രദേശങ്ങളിലും നേരിയ മഴ ലഭിച്ചു. മിക്ക പ്രദേശങ്ങളിലും മേഘാവൃതമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഒമാന്‍ കടലിലും അറേബ്യന്‍ കടലിലും ശക്തമായ തിരമാലകള്‍ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. രാജ്യത്തിന് താപനിലയിലും കുറവ് രേഖപ്പെടുത്തി. അബുദബിയില്‍ പകല്‍ സയമം 44 ഡിഗ്രി സെല്‍ഷ്യസാണ് കൂടിയ താപനില. ദുബൈയില്‍ 43 ഉം, ഷാര്‍ജയില്‍ 45 ഉം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. 19.7 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് പുലര്‍ച്ചെ രാജ്യത്ത് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. 24 മണിക്കൂറും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.