വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 1.72 കോടി മാത്രമല്ല വീണ പല കോടികള്‍ കൈപ്പറ്റി. വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍ കേരളം ഞെട്ടുമെന്ന് കുഴല്‍നാടന്‍ പറഞ്ഞു. പുറത്ത് വന്ന തുക വളരെ ചെറുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീണയുടെയും കമ്പനിയുടെയും അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ കുഴൽനാടൻ വെല്ലുവിളിച്ചു.
നികുതി അടച്ചിട്ടുണ്ടോ ഇല്ലയോ എന്നതല്ല തന്റെ ചോദ്യം. അങ്ങനെ ആക്കി തീര്‍ക്കാന്‍ ചില നീക്കം സിപിഐഎം നേതാക്കള്‍ നടത്തുന്നുണ്ട്. കരിമണൽ കമ്പനിയിൽനിന്ന് അവർ എത്ര രൂപ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഐഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്ത് വിടുന്നില്ല.
കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ മുഖ്യ സേവനമെന്നാണ് എക്സാലോജിക് കമ്പനി അവകാശപ്പെടുന്നത്. കരിമണൽ കമ്പനിക്ക് എന്തിനാണ് സ്കൂളുകൾക്കുള്ള സോഫ്റ്റ്‌വെയർ?
സിഎംആർഎൽ കമ്പനിയെ കൂടാതെ മറ്റു കമ്പനികളിൽ നിന്നും വലിയ തുക എക്സാലോജിക് കമ്പനി കൈപ്പറ്റിയിട്ടുണ്ട്. വീണാ വിജയൻ എത്ര കോടിരൂപ ആരിൽ നിന്നൊക്കെ കൈപ്പറ്റിയെന്ന് സിപിഐഎം വ്യക്തമാക്കണം. പിണറായി വിജയൻ മറുപടി പറയണം. വീണയും വീണയുടെ കമ്പനിയും ജിഎസ്ടി അക്കൗണ്ട് എന്തിനാണ് ക്ലോസ് ചെയ്തതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.