മില്‍ട്ടണ്‍ ചുഴിലിക്കാറ്റ് ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് അതിജാഗ്രതയില്‍ അമേരിക്ക. ഫ്‌ളോറിഡയില്‍ നിന്നും ലക്ഷക്കണക്കിന് ജനങ്ങളാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നത്. മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കും എന്നാണ് അമേരിക്കന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റുകളിലൊന്നിന്റെ ഭീതിയിലാണ് ഫ്‌ളോറിഡ സംസ്ഥാനം.മാരകപ്രഹരശേഷിയുള്ള കാറ്റഗറി അഞ്ചിലാണ് മില്‍ട്ടണെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 270 കിലോമീറ്റര്‍ വരെ വര്‍ദ്ധിക്കും എന്നാണ് മുന്നറിയിപ്പ്.
ഇന്ന് രാത്രിയോട് കൂടി റ്റാംപേയ്ക്കും ഫോര്‍ട്ട് മിയേഴ്‌സിനും ഇടയില്‍ മില്‍ട്ടന്‍ തീരം തൊടും. അത്യന്തം വിനാശകാരിയയ കാറ്റ് തീരം തൊടും മുന്‍പ് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് അമേരിക്കന്‍ ഭരണകൂടം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കലിന് ആണ് ഫ്‌ളോറിഡ സാക്ഷ്യം വഹിക്കുന്നത്. ഫ്‌ളോറിഡയില്‍ പതിനാറ് കൗണ്ടികളിലായി പത്ത് ലക്ഷത്തിലധികം ജനങ്ങളോട് മാറിത്താമസിക്കുന്നതിന് ആണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക എന്നത് ജീവന്റെയും മരണത്തിന്റെയും പ്രശ്‌നമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
കരതൊട്ടതിന് ശേഷം മില്‍ട്ടന്‍ ചുഴലിക്കാറ്റിന്റെ വേഗത കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ മിന്നല്‍പ്രളയത്തിനും വെള്ളപ്പൊക്കത്തിനും മില്‍ട്ടന്‍ കാരണമാകും.മധ്യപടിഞ്ഞാറന്‍ ഫ്‌ളോറിഡയില്‍ അടിക്കുന്ന ഏറ്റവും വിനാശകാരിയായ കാറ്റാണ് മില്‍ട്ടന്‍ എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.മെക്‌സിക്കോയില്‍ കനത്ത നാശം വിതച്ചാണ് കാറ്റ് ഫ്‌ളോറിഡയിലേക്ക് എത്തുന്നത്.