മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലൈംഗീക ചൂഷണം അടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് മാഫിയ ആണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
സിനിമ മേഖലയ്ക്ക് പുറമേയുള്ള ഗ്ലാമര്‍ മാത്രമേ ഉള്ളു എന്നാണ് ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.മലയാള സിനിമയിലെ സ്ത്രീകളുടെ ഞെട്ടിക്കുന്ന ദുരനുഭവങ്ങള്‍ ആണ് ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത്.
സിനിമയില്‍ ലൈംഗീക ചൂഷണം വ്യാപകമാണെന്നാണ് മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഹേമ കമ്മിറ്റിയുടെ കണ്ടെത്തല്‍. അവസരങ്ങള്‍ ലഭിക്കുന്നതിന് വഴങ്ങിക്കൊടുക്കണം എന്ന് ആവശ്യപ്പെടും. സഹകരിക്കുന്നവരെ കോഓപ്പറേറ്റിംഗ് ആര്‍ട്ടിസ്റ്റ് എന്ന് പേരിട്ട് വിളിക്കും. പ്രധാന നടമാര്‍ മുതല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വരെ ചൂഷകരായി മാറും.എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണം അടക്കം പലവധി ഭീഷണികളും നേരിടേണ്ടിവരും.രാത്രികാലങ്ങളില്‍ നടിമാരുടെ മുറികളില്‍ മുട്ടിവിളിക്കും. വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും. പ്രമുഖ സംവിധായകര്‍ക്ക് എതിരെ അടക്കം കമ്മിറ്റിക്ക് മൊഴികള്‍ ലഭിച്ചിട്ടുണ്ട്. ജീവഭയം കൊണ്ടും അവസരങ്ങള്‍ ഇല്ലാതാകും എന്ന് പേടിച്ചും ആണ് പലരും അതിക്രമങ്ങളെക്കുറിച്ച് പൊലീസില്‍ പരാതപ്പെടാത്തത്.
സിനിമാ സെറ്റില്‍ മദ്യവും ലഹരി മരുന്ന് ഉപയോഗവും വ്യാപകമാണ്. സെറ്റുകളില്‍ സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കുന്നതിനോ വസ്ത്രം മാറുന്നതിനോ പലപ്പോഴും സൗകര്യങ്ങള്‍ ഉണ്ടാകില്ല. പ്രധാന താരങ്ങള്‍ക്ക് മാത്രമാണ് ക്യാരവാന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നത്.പ്രതിഫലക്കാര്യത്തിലും സിനിമയിലെ സ്ത്രീകള്‍ ചൂഷണം നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.