യമുനാ നദി കരകവിഞ്ഞതിനേത്തുടർന്ന് ദില്ലി നഗരത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. കിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട് തുടരുന്നത്. രാജ്ഘട്ട് ഉള്‍പ്പടെ നഗരത്തിലെ പല പ്രധാന മേഖലകളും വെള്ളത്തിലായി. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള ഭരണസിരാകേന്ദ്രങ്ങളിലും പ്രധാന റോഡുകളിലും വെള്ളം ഒഴുകി എത്തി. സുപ്രീം കോടതി പരിസരത്ത് വരെ വെള്ളം എത്തി. മഥുര റോഡിന്റെയും ഭഗ് വൻ ദാസ് റോഡിന്റെയും ചില ഭാഗങ്ങളിൽ വെള്ളം കയറി. ആറ് ജില്ലകൾ പ്രളയത്തിൽ മുങ്ങിക്കിടക്കുകയാണ്.
വെള്ളക്കെട്ടിൽ ഒട്ടേറെ വാഹനങ്ങൾ തകരാറിലായി. അപ്രോച്ച് റോഡ് വെള്ളത്തിനടിയിലായതോടെ യമുനാ ബാങ്ക് മെട്രോ സ്‌റ്റേഷൻ അടച്ചു. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ദില്ലിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ചെങ്കോട്ട വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. എൻ ഡിആർ എഫിന്റെ 16 സംഘങ്ങളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും ദില്ലി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 23,692 പേരെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.