പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് കൊച്ചിയിലേയും. വൈകിട്ട് അഞ്ച് മണിയോടെ കൊച്ചി നാവികതാവളത്തിലെത്തുന്ന മോദി വൈകിട്ട് ആറിന് കൊച്ചി മഹാരാജാസ് കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. സന്ദർശനത്തെ തുടർന്ന് ഇന്നും നാളെയും കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും നാളെ അതിരാവിലെ 3 മുതൽ ഉച്ചവരെയുമാണ് നിയന്ത്രണം.
എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം നാളെ രാവിലെ 6.30 ന് ഗുരുവായൂർക്ക് തിരിക്കും. പ്രശസ്ത സിനിമാ താരവും ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടേതുൾപ്പടെ 4 വിവാഹച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്നും തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിനു ശേഷം കൊച്ചിയിലേക്ക് മടങ്ങും. വില്ലിംഗ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ്പ് യാര്‍ഡിന്റെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.
തുടർന്ന് മറൈൻ ഡ്രൈവിൽ ബി ജെ പി ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്ന് കെ സുരേന്ദ്രൻ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് എറണാകുളം എം ജി റോഡ്, രാജാജി ജംഗ്ഷൻ, ഹൈക്കോർട്ട് ജംഗ്ഷൻ, കലൂർ, കടവന്ത്ര, തേവര എന്നിവടങ്ങളിൽ നിന്ന് വാഹനങ്ങൾ വഴി തിരിച്ച് വിടും. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. യോഗത്തിൽ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ എൻ രാധാകൃഷ്ണൻ, ഡോ. കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി കെ സുഭാഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ജോർജ്ജ് കുര്യൻ, സി കൃഷ്ണകുമാർ, പി സുധീർ, അഡ്വ. കെ എസ് ഷൈജു, അഡ്വ. നാരായണൻ നമ്പൂതിരി ഉൾപ്പടെ ഉള്ളവർ പങ്കെടുത്തു.