യുഎഇയില്‍ പൊതുമാപ്പിനായി എത്തുന്നവരില്‍ ഭുരിഭാഗവും സന്ദര്‍ശക-ടൂറിസ്റ്റ് വീസകളില്‍ ജോലി തേടി എത്തിയവര്‍ എന്ന് ഇമിഗ്രേഷന്‍ വകുപ്പ്.സന്ദര്‍ശകവീസയില്‍ എത്തുന്നവര്‍ തൊഴില്‍ അന്വേഷകരാകാന്‍ പാടില്ലെന്നാണ് യുഎഇ ഇമിഗ്രേഷന്‍ നിയമം. പൊതുമാപ്പ് തേടുന്നവര്‍ക്ക് ജോലി വാഗ്ദാനവുമായി കൂടുതല്‍ കമ്പനികള്‍ മുന്നോട്ട് വരുന്നുണ്ടെന്നും ജിഡിആര്‍എഫ്എ അറിയിച്ചു.സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച യുഎഇ പൊതുമാപ്പ് തേടി വിവിധ എമിറേറ്റുകളിലെ കേന്ദ്രങ്ങളില്‍ എത്തുന്നത് ആയിരങ്ങളാണ്.
ഇതില്‍ ഭൂരിഭാഗം പേരും രാജ്യത്ത് സന്ദര്‍ശകവീസയില്‍ തൊഴില്‍തേടിയെത്തി താമസനിയമലംഘകരായി മാറിയതാണെന്ന് ദുബൈ ജിഡിആര്‍എഫ്എയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ എത്തിയ പലര്‍ക്കും ജോലി നേക്കേണ്ടത് എങ്ങനെയെന്ന് പോലും അറിയില്ല. പലര്‍ക്കും ഒരു സി.വി പോലും ഇല്ല.ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ജോലി തിരയാന്‍പോലും അറിയാത്ത ഇത്തരക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങും.ജോലി ലഭിക്കാതെ വരുകയും സന്ദര്‍ശകവീസയുടെ കാലാവധി കഴിയുകയും ചെയ്യും.പല കാരണങ്ങളാല്‍ ജോലി വിടുകയും സ്‌പോണ്‍സര്‍ സ്റ്റാറ്റസ് മാറ്റി നല്‍കാതിരിക്കുകയും ക്രമേണ നിയമലംഘകരായി മാറുകയും ചെയ്ത നിരവധി പേരും പൊതുമാപ്പ് തേടി എത്തുന്നുണ്ടെന്നും ജിഡിആര്‍എഫ്എ അധികൃതര്‍ അറിയിച്ചു.
യുഎഇ ഇമിഗ്രേഷന്‍ നിയമപ്രകാരം ടൂറിസ്റ്റ് വീസ സന്ദര്‍ശനാവശ്യത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു.ജോലി തേടുന്നവര്‍ക്കായി അറുപത് ദിവസം കാലാവധിയുളള തൊഴിലന്വേഷക വീസ യുഎഇ അനുവദിക്കുന്നുണ്ട്. അതെസമയം പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാന്‍ കൂടുതല്‍ കമ്പനികള്‍ തയ്യാറാക്കുന്നുണ്ടെന്നും ജിഡിആര്‍എഫ്എ അറിയിച്ചു.അവീറിലെ ജിഡിആര്‍എഫ്എയുടെ പൊതുമാപ്പ് കേന്ദ്രത്തില്‍ കൗണ്ടര്‍ തുറന്ന കമ്പനികളുടെ എണ്ണം പതിനാറായി വര്‍ദ്ധിച്ചു.