പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ ഗംഭീര തയ്യാറെടുപ്പുമായി ദുബൈ. അതിഗംഭീരമായ കരിമരുന്ന് പ്രദര്‍ശനമാണ് ദുബൈയില്‍ അരങ്ങേറുക. ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന പുതുവര്‍ഷ വെടിക്കെട്ട് തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും ഇത്തവണ റെക്കോര്‍ഡ് വെടിക്കെട്ടായിരിക്കുമെന്നും എമ്മാര്‍ പ്രോപ്പര്‍റ്റീസ് അറിയിച്ചു.
പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ദുബൈ ബുര്‍ജ് ഖലീഫയില്‍ ഒരുക്കുന്ന ആകാശത്തിലെ വര്‍ണ്ണപൂരം ആഗോളതലത്തില്‍ തന്നെ ഏറെ പ്രശസ്തമാണ്. ഇത്തവണ റെക്കോര്‍ഡ് വെടിക്കെട്ടാണ് ഒരുക്കുന്നതെന്നും തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും എമ്മാര്‍ പ്രോപ്പര്‍ട്ടീവ് അറിയിച്ചു. ബുര്‍ജ് പാര്‍ക്കിലേയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. ഇത്തവണ 325 ഫയറിങ് പൊസിഷന്‍ ഉണ്ടായിരിക്കും. 2800ല്‍ അധികം കരിമരുന്ന് ഷൂട്ടിങ് സ്ഥാനങ്ങളും 15,600ല്‍ അധികം പൈറോ ടെക്‌നിക് സാങ്കേതിക വിദ്യയും വെടിക്കെട്ടിന് മാറ്റ് കൂട്ടും.
ബുര്‍ജ് ഖലീഫയിലെ പ്രദര്‍ശനവുമായി സംയോജിപ്പിച്ച് വാട്ടര്‍ ഫൗട്ടനിലും പ്രത്യേക ഷോ ഉണ്ടായിരിക്കും. ന്യൂ ഇയര്‍ ലൈറ്റ് ഷോയ്ക്കായി 1,45,000 വാട്ട് വെളിച്ചവും നാലായിരം വാട്ട് ലേസറും ഉപയോഗപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരു കെട്ടിടത്തിലെ ഏറ്റവും വലിയ ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്ന ലോക റെക്കോര്‍ഡാണ് ബുര്‍ജ് ഖലീഫയ്ക്കുള്ളത്. വെടിക്കെട്ടിന് പുറമേ ലോകപ്രശസ്തരായ ആളുകളുടെ സംഗീത പരിപാടിയും ഒരുക്കുന്നുണ്ട്.