സര്‍ക്കാറിനും മന്ത്രിക്കുമെതിരായ പരാമര്‍ശത്തില്‍ മറുപടിയുമായി ജയസൂര്യ.
“കര്‍ഷകരുടെ പ്രശ്‌നം തുറന്ന് കാണിക്കാന്‍ വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്.
എനിക്ക് രാഷ്ട്രീയമില്ല, ഇടത് വലത് ബി.ജെ.പി മുന്നണിയുമായി ബന്ധങ്ങളുമില്ല.
എനിക്കറിയാവുന്ന ചില പ്രശ്‌നങ്ങള്‍ ഞാന്‍ ശരിയായ വേദിയില്‍ ഉന്നയിച്ചു.
അത് സോഷ്യല്‍ മീഡിയയില്‍ മാത്രം പറഞ്ഞു പോകേണ്ട കാര്യമായി തോന്നിയില്ല.”
കഴിഞ്ഞ ദിവസം കളമശേരി കാർഷികോത്സവത്തിൽ സംസാരിക്കുകയായിരുന്ന ജയസൂര്യയുടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത പരാമര്‍ശം ഇതായിരുന്നു
‘കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. ഒരു സിനിമ പൊട്ടിയാൽ അത് ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകൻ ആയിരിക്കും എന്ന് പറയാറുണ്ട്. എന്ന് പറഞ്ഞത് പോലെ കൃഷി മന്ത്രി പ്രസാദ് അവർകളുടെ ചെവിയിൽ കാര്യങ്ങൾ എത്താൻ ചിലപ്പോൾ ഒരുപാട് വൈകും. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻ അവർക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയിൽ ഇതിനെ കാണരുത്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നും അവർക്ക് ഷർട്ടിൽ ചളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണ്ടിട്ട് മക്കള്‍ എങ്ങനെയാണ് സാര്‍ കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണം’ സമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പിന്തുണയും വിമര്‍ശനവും ഈ പരാമര്‍ശത്തില്‍ താരം ഏറ്റുവാങ്ങിയിരുന്നു.