Monday, December 9, 2024
HomeNewsKeralaപരസ്യപ്രചരണത്തിന്റെ അവസാന ഘട്ടം തിരക്കിട്ട പരിപാടികളിൽ സ്ഥാനാർത്ഥികൾ; രാഷ്ട്രീയവും വികസനവും സൈബർ ആക്രമണങ്ങളും ചർച്ചയാക്കി മുന്നണികൾ

പരസ്യപ്രചരണത്തിന്റെ അവസാന ഘട്ടം തിരക്കിട്ട പരിപാടികളിൽ സ്ഥാനാർത്ഥികൾ; രാഷ്ട്രീയവും വികസനവും സൈബർ ആക്രമണങ്ങളും ചർച്ചയാക്കി മുന്നണികൾ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാന ഘട്ടത്തിൽ. നാളെ കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അവസാനിക്കും. വികസനത്തർക്കങ്ങളും സൈബർ ആക്രമണവുമാണ് പുതുപ്പള്ളിയിൽ സജീവ ചർച്ചയായി നിലനിൽക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരെയും സമാന ആക്രമണമുണ്ടായി. വികസന ചർച്ചയിൽ ഇടത് വലത് മുന്നണികൾ തർക്കം തുടരുന്ന കാഴ്ചയാണ് പ്രചരണത്തിലുടനീളം കാണാനാകുന്നത്.

സൈബർ ആക്രമണത്തിനെതിരെ പുതുപ്പള്ളിയിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക്‌ സി തോമസിന്റെ ഭാര്യ ഗീതു പരാതി നൽകി. ആക്രമണം മാനസികമായി വളരെയധികം വേദനിപ്പിച്ചുവെന്ന്‌ ഗീതു പറഞ്ഞു. വ്യാജ വീഡിയോ അടക്കം പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌ കോൺ​ഗ്രസ് അനുകൂലികളാണ്. സ്‌ത്രീകൾ അടക്കമുള്ള കോൺഗ്രസ്‌ പ്രവർത്തകർ വളരെ മോശമായ രീതിയിൽ കമന്റ്‌ ചെയ്യുന്നുണ്ട്‌. മാനസികമായി വളരെയധികം ബുദ്ധിമുട്ട്‌ ഉണ്ടായതുകൊണ്ടാണ്‌ ഒൻപത്‌ മാസം ഗർഭിണിയായിട്ടും പൊലീസ്‌ സ്‌റ്റേഷനിൽ വരേണ്ടിവന്നതെന്ന് ഗീതു പറഞ്ഞു.

ഗീതു പരിചയമുള്ള ചിലയിടങ്ങളിൽ പോയി വോട്ടഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിലാണ് സൈബർ അധിക്ഷേപം നടക്കുന്നതെന്നും ജയ്ക് പ്രതികരിച്ചു. സൈബർ ഇടത്തിലും പുറത്തുമുള്ള അധിക്ഷേപം ആർക്കെതിരെ വന്നാലും തെറ്റാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാലാം നിരക്കാരൻ എന്ന് തന്നെ വിളിച്ചു. പിതൃസ്വത്തിനെയും മാതാപിതാക്കളെയും വരെ സൈബർ ആക്രമണത്തിലേക്ക് വലിച്ചിഴച്ചുവെന്നും ജെയ്ക്ക് പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും പുതുപ്പളളി എംഎൽഎയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിനെ ഇരു മുന്നണികളും അഭിമാന പോരാട്ടമായാണ് കാണുന്നത്. പുതുപ്പള്ളി മണ്ഡലത്തിൽ കാര്യമായൊരു വികസനവും കൊണ്ടുവരാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ലെന്ന വാദമാണ് ഇടതുമുന്നണി ഉയർത്തുന്നത്. വികസന ചർച്ചകൾ ജെയ്ക് സി തോമസിന് അനൂകുലമാകുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. മുഖ്യമന്ത്രി പിണറായി വിജയനെ മണ്ഡലത്തിലെ മുഴുവൻ ഇടങ്ങളിലും എത്തിക്കാൻ കഴിഞ്ഞതും നേട്ടമായി എൽഡിഎഫ് കരുതുന്നു. പൊതുയോഗങ്ങളില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവും മുഖ്യമന്ത്രി ഉന്നയിച്ചു.

ഉമ്മൻ ചാണ്ടിയുടെ ജനകീയതയുടെ പേരിൽ ലഭിക്കുന്ന വോട്ടുകൾ തന്നെയാണ് യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. സർക്കാരിനെതിരെയുള്ള പരമാവധി വിവാദങ്ങൾ മണ്ഡലത്തിൽ ഉയർത്താനാണ് യുഡിഎഫ് ശ്രമിച്ചത്. ഓണത്തിന് എല്ലാവർക്കും കിറ്റ് നൽകാത്തതും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയര്‍ന്ന വിവാദവുമൊക്കെ മണ്ഡലത്തിൽ സജീവ ചർച്ചയാക്കാൻ കഴിഞ്ഞു. ശശി തരൂർ ഉൾപ്പെടെയുള്ള താരപ്രചാരകരെയാണ് യുഡിഎഫ് രംഗത്തിറക്കുന്നത്. മണര്‍കാട് മുതല്‍ പാമ്പാടിവരെ ഇന്ന് തരൂരിന്റെ റോഡ് ഷോ ഉണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളടക്കം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദത്തിന്റെ പദ്ധതികളും ഉയർത്തിക്കാണിച്ച് എൻഡിഎ സ്ഥാനാർത്ഥി ലിജിൻലാലും സജീവമാണ്. ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് മണ്ഡലത്തിലെ വോട്ട് നില ഉയർത്താനാണ് എൻ ഡി എ ശ്രമിക്കുന്നത്. ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണ രം​ഗത്തുണ്ട്. കേന്ദ്ര മന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും സജീവമായി മണ്ഡലത്തിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments