നൈജീരിയയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി യുഎഇ. നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൂടിക്കാഴ്ച നടത്തി. നൈജീരിയന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി യുഎഇയിലെത്തിയ ബോല അഹമ്മദ് ടിനുബുവിന് ഊഷ്മള സ്വീകരണമാണ് യുഎഇ നല്‍കിയത്. തുടര്‍ന്ന് യുഎഇ പ്രസിഡന്റിന് പുറമേ, യുഎഇ ഉപപ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് സ്ഥാനത്ത് ശോഭിക്കാന്‍ കഴിയട്ടെയെന്നും രാജ്യത്തിന് എല്ലാ സമൃദ്ധിയും ഉണ്ടാവട്ടെയെന്നും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ചയില്‍ ആശംസ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും സാമ്പത്തികം, ഊര്‍ജ്ജം, കാലാവസ്ഥ എന്നീ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ദൃഢമാക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പ്രതീക്ഷ പ്രകടിപ്പിച്ചു. ദുബൈയില്‍ നടക്കാനിരിക്കുന്ന കോപ് 28 കാലാവസ്ഥ ഉച്ചകോടിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായി.