നടനും സംവിധായകനുമായ ഭർത്താവ് വിഘ്നേഷ് ശിവന് പിറന്നാളാശംസകൾ നേർന്ന് ഇൻസ്റ്റാഗ്രാമിൽ നയൻതാരയുടെ പോസ്റ്റ്. സെപ്തംബർ പതിനെട്ടിനായിരുന്നു വിഘ്നേഷ് ശിവന്റെ മുപ്പത്തിയെട്ടാം പിറന്നാൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പമാണ് മനോഹരമായ കുറിപ്പും നയൻതാര പങ്കുവെച്ചത്. തനിക്ക് ലഭിച്ച അനുഗ്രഹം എന്നാണ് പോസ്റ്റിൽ വിഘ്നേഷ്നെ നയൻസ് അഭിസംബോധന ചെയ്തിരുന്നത്. ഈ പ്രത്യേകദിനത്തിൽ വിഘ്നേഷിനെക്കുറിച്ച് എഴുതാൻ ഒരുപാടുണ്ടെന്നും പക്ഷേ എന്നാൽ തുടങ്ങിയാൽ കുറച്ചുകാര്യം മാത്രമെഴുതി അവസാനിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും നയൻസ് കുറിക്കുന്നു.

ഇൻസ്റ്റഗ്രാമിൽ പുതുതാരമാണെങ്കിലും ചുരുങ്ങിയ സമയംകൊണ്ട് അഞ്ചരമില്യൺ ഫോളോവേഴ്സ് സ്വന്തമാക്കിയ നടിയാണ് നയൻ താര. കന്നിബോളിവുഡ് ചിത്രം ജവാൻ പുറത്തിറങ്ങുന്നതിനോട് അനുബന്ധിച്ചാണ് താരം ഇൻസ്റ്റഗ്രാമിൽ വരവറിയിച്ചത്. സിനിമാവിശേഷങ്ങളും വിഘ്നേഷ് ശിവനും മക്കൾക്കുമൊപ്പമുള്ള വിശേഷങ്ങളുമൊക്കെ നയൻസ് ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു.

“നീ എന്നിൽ ചൊരിയുന്ന പ്രണയത്തിന് ഞാനേറെ കടപ്പെട്ടിരിക്കുന്നു. നമ്മുടെ ബന്ധത്തിനു നീ നൽകുന്ന ബഹുമാനത്തിന് ഏറെ കടപ്പെട്ടിരിക്കുന്നു. നിന്നെപ്പോലെ മറ്റാരുമില്ല. എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന്, ജീവിതത്തെ സ്വപ്നതുല്യവും അർത്ഥപൂർണ്ണവും മനോഹരവുമാക്കിയതിന് നന്ദി. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളാണ് ഏറ്റവും മികച്ചത്. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ. ലോകത്തിലെ എല്ലാ സന്തോഷങ്ങളും നിങ്ങൾക്കായി ആശംസിക്കുന്നു.’’ നയൻതാര കുറിച്ചു.

വിഘ്നേഷ് ശിവനും പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്. ‘‘അനുഗ്രഹീതമായ ജന്മദിനം, എന്റെ ആൺകുട്ടികൾക്കൊപ്പമുള്ള ആദ്യ ജന്മദിനം’ ഹൃദയസ്പർശിയായ സര്‍പ്രൈസ് ഒരുക്കിയതിന് നയൻതാരയ്ക്ക് നന്ദി.’’ വിഘ്നേഷ് കുറിച്ചു.