നാസയുടെ ആര്‍ട്ടിമിസ് പദ്ധതിയുടെ ഭാഗമായി പുതിയ ബഹിരാകാശനിലയം നിര്‍മ്മിക്കുന്നതില്‍ യുഎഇയും. ബഹിരാകാശനിലയത്തിനായി പത്ത് ടണ്‍ ഭാരമുള്ള മൊഡ്യൂള്‍ യുഎഇ നിര്‍മ്മിക്കും. ചന്ദ്രനെ വലം വെയ്ക്കുന്ന ഈ നിലയത്തിലേക്ക് ഇമാറാത്തികളെയും യുഎഇ അയക്കും. ചന്ദ്രനില്‍ മനുഷ്യരെ എത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ചന്ദ്രനെ വലംവെയ്ക്കുന്ന ലൂണാര്‍ ഗെയ്റ്റ്‌വേ എന്ന ബഹിരാകാശനിലയം നിര്‍മ്മിക്കുന്നത്. ഈ പദ്ധതിയില്‍ ഭാഗമാകുന്നതിനാണ് യുഎഇയും അമേരിക്കയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ബഹിരാകാശനിലയത്തിലേക്ക് പ്രവേശിക്കാനും തിരികെ ഇറങ്ങാനുമുള്ള എയര്‍ടൈറ്റ് റൂം ആണ് യുഎഇ എഞ്ചിനിയര്‍മാര്‍ നിര്‍മ്മിച്ച് നല്‍കുക.
ചരിത്രപരമായ കരാര്‍ ഒപ്പുവെയ്ക്കല്‍ ചടങ്ങളില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും പങ്കെടുത്തു. യുഎഇയെ പ്രതിനിധീകരിച്ച് ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്ററും അമേരിക്കയെ പ്രതിനിധീകരിച്ച് നാസയും തമ്മിലാണ് കരാര്‍. ചന്ദ്രനെ വലംവെയ്ക്കുന്ന ആദ്യ ബഹിരാകാശനിലയം ആണ് ലൂണാര്‍ ഗെയ്റ്റ്‌വേ. 2028ഓട് കൂടി ലൂണാര്‍ ഗെയ്റ്റ്‌വേയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നാസയുട പദ്ധതി. കരാര്‍ പ്രകാരം ലൂണാര്‍ ഗെയ്റ്റ്‌വേയില്‍ യുഎഇയ്ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യവും ഉണ്ടാകും.
യുഎഇയുടെ സഞ്ചാരികളെ ഈ ബഹിരാകാശനിലയത്തിലേക്ക് അയക്കാനും സാധിക്കും. ഇതിലൂടെ നാസയുടെ ഭാവി ചാന്ദ്രദൗത്യങ്ങളിലും യുഎഇക്ക് പങ്കാളികളാകാന്‍ കഴിയും. ബഹിരാകാശ ഗവേഷണ പര്യവേഷണ രംഗത്ത് യുഎഇ നടത്തുന്ന സുപ്രധാന ചുവടുവെയ്പാണ് ലൂണാര്‍ ഗെയ്റ്റ്‌വേയിലെ പങ്കാളിത്തം. നാസയ്ക്ക് ഒപ്പം യൂറോപ്യന്‍ കനേഡിയന്‍ സ്‌പെയ്‌സ് ഏജന്‍സികളും ലൂണാര്‍ ഗെയ്റ്റുവേയില്‍ പങ്കാളികലാണ്.