സൗദി അറേബ്യയില്‍ താമസ-തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് അറസ്റ്റിലായവരുടെ പുതിയ പട്ടിക പുറത്ത് വിട്ട് ആഭ്യന്തരമന്ത്രാലയം. ഇരുപത്തിരണ്ടായിരത്തിലധികം പേരാണ് കഴിഞ്ഞ ആഴ്ച്ച മാത്രം അറസ്റ്റിലായത്. പിടിയിലായവരില്‍ ഭൂരിഭാഗവും താമസനിയമലംഘകര്‍ ആണ്.
സെപ്റ്റംബര്‍ പന്ത്രണ്ട് മുതല്‍ പതിനെട്ട് വരെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റിലായ വിദേശികളുടെ കണക്കുകള്‍ ആണ് ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി 22716 നിയമലംഘകര്‍ ആണ് പിടിയിലായത്. ഇതില്‍ 14446 പേര്‍ രാജ്യത്ത് മതിയായ രേഖകള്‍ ഇല്ലാതെ താമസിച്ചിരുന്നവര്‍ ആണ്. തൊഴില്‍നിയമങ്ങളുടെ ലംഘനത്തിന് 4780 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനത്തിന് 3940 പേരും അറസ്റ്റിലായി. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 1513 പേരും അറസ്റ്റിലായെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതില്‍ തൊണ്ണുറ്റിയൊന്‍പത് ശതമാനം പേരും യെമന്‍ എത്യോപ്യന്‍ പൗരന്‍മാരാണ്.
സൗദിയില്‍ നിന്നും അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ പുറത്ത് കടക്കാന്‍ ശ്രമിച്ച മുപ്പത്തിയെട്ടും പേരും ഇക്കാലയളവില്‍ പിടിയിലായി.നിലവില്‍ 15752 പ്രവാസികള്‍ സൗദിയില്‍ നിയമനടപടികള്‍ നേരിടുന്നുണ്ട്.നിയമലംഘകരമായ 12101 വിദേശികളെ ഇക്കാലയളവില്‍ നാടുകടത്തിയെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.