ദുബൈ മെട്രോയുടെ ബ്ലൂലൈന്‍ പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അനുമതി. 1800 കോടി ദിര്‍ഹം ചിലവില്‍ നിര്‍മ്മിക്കുന്ന പുതിയ പാതയ്ക്ക് മുപ്പത് കിലോമീറ്ററാണ് ദൂരം. 2029-ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആണ് പദ്ധതി.നിലവിലുള്ള രണ്ടു ലൈനുകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പുതിയ പാതയ്ക്കാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും അംഗീകാരം നല്‍കിയിരിക്കുന്നത്.
ദുബൈയുടെ പൊതുഗതാഗത മേഖലയിലെ ഏറ്റവും പുതിയ വലിയ പദ്ധതി എന്നാണ് ഷെയ്ഖ് മുഹമ്മദ് ബ്ലുലൈനിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മുപ്പത് കിലോമീറ്റര്‍ ദൂരത്തിലുള്ള പാതയുടെ 15.5 കിലോമീറ്ററും ഭൂമിക്കടിയിലായിരിക്കും. ഭൂമിക്കടിയില്‍ എഴുപത് മീറ്ററോളം ആഴത്തിലായിരിക്കും പാത. ദുബൈ ക്രിക്ക് ഹാര്‍ബര്‍, ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ്, അല്‍വര്‍ഖ, മിര്‍ദിഫ്, സിലിക്കണ്‍ ഒയാസിസ്,അക്കാദമിക് സിറ്റി തുടങ്ങിയ മേഖലകളിലൂടെയാണ് ബ്ലു ലൈന്‍ കടന്നുപോകുക. പതിനാല് സ്റ്റേഷനുകളിലായിരിക്കും ബ്ലു ലൈനില്‍ ഉണ്ടാവുക. ഏഴ് എലിവേറ്റഡ് സ്റ്റേഷനുകളും അഞ്ച് ഭൂഗര്‍ഭ സ്റ്റേഷനുകളുമായിരിക്കും പുതിയ പാതയില്‍ ഉണ്ടാവുക. രണ്ട് എലിവേറ്റഡ് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളും പുതിയ ലൈനില്‍ ഉണ്ടാകും. റെഡ്‌ലൈനില്‍ സെന്റര്‍ പോയിന്റിലും ഗ്രീന്‍ലൈനില്‍ ക്രിക്ക് സ്‌റ്റേഷനിലുമായിരിക്കും പുതിയ പാതയെ ബന്ധിപ്പിക്കുക.
2024-ല്‍ കരാര്‍ നല്‍കി 2025-ല്‍ ബ്ലുലൈന്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനാണ് പദ്ധതി. 2028-ല്‍ പുതിയ പാതയില്‍ പരീക്ഷണ ഓട്ടം നടക്കും.2029-ല്‍ ബ്ലൂലൈനില്‍ യാത്രക്കാരുമായി ട്രെയ്‌നുകള്‍ ഓടിത്തുടങ്ങും. ബ്ലൂ ലൈന്‍ കൂടി എത്തുന്നതോടെ ദുബൈ മെട്രോയുടെ ആകെ നീളം 119.3 കിലോമീറ്ററായി വര്‍ദ്ധിക്കും