ദുബൈ കൊച്ചി യാത്രാക്കപ്പല്‍ സര്‍വീസ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിച്ചേക്കും.കപ്പല്‍ സര്‍വീസിന് യോഗ്യത സ്വകാര്യസ്ഥാപനം അനുയോജ്യമായ കപ്പല്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുയോജ്യമായ കപ്പല്‍ കണ്ടെത്തിയാല്‍ മറ്റ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ് കേരള മാരിടൈം ബോര്‍ഡ് വ്യക്തമാക്കുന്നത്.
ഗള്‍ഫിലേക്കുള്ള കപ്പല്‍ യാത്ര സംബന്ധിച്ച് നോര്‍ക്കറൂട്ടും കേരള മാരിടൈം ബോര്‍ഡും ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പ്രവാസികളില്‍ സര്‍വ്വേ നടത്തിയിരുന്നു.ദുബൈയിലേക്കുള്ള യാത്രാ കപ്പല്‍ സര്‍വീസില്‍ ആണ് കൂടുതല്‍ പേരും താത്പര്യം പ്രകടിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ദുബൈയിലേക്ക് ആദ്യഘട്ടത്തില്‍ കപ്പല്‍ സര്‍വീസ് പരിഗണിക്കുന്നത്. തുറമുഖസൗകര്യങ്ങള്‍ പരിഗണിച്ച് കൊച്ചിയില്‍ നിന്നായിരിക്കും ദുബൈയിലേക്ക് സര്‍വീസ്.അടുത്ത വര്‍ഷം ആദ്യത്തോടെ സര്‍വീസ് ആരംഭിക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് കേരള മാരിടൈം ബോര്‍ഡ് മുന്നോട്ട് വെയ്ക്കുന്നത്. നാല് സ്വകാര്യകമ്പനികളാണ് കപ്പല്‍ സര്‍വീസിന് താത്പര്യപത്രം സമര്‍പ്പിച്ചിരുന്നത്.
ഇതില്‍ നിന്നും യോഗ്യരായി രണ്ട് കമ്പനികളെ കണ്ടെത്തി. ഇതില്‍ ഒരു കമ്പനിയാണ് കപ്പല്‍ കണ്ടെത്തി സര്‍വീസ് ആരംഭിക്കുന്നതിന് ശ്രമങ്ങള്‍ നടത്തുന്നത്. വിദേശരാജ്യങ്ങളില്‍ അടക്കം അനുയോജ്യമായ കപ്പലിനായി കമ്പനി അന്വേഷണം നടത്തുന്നുണ്ട്. കപ്പല്‍ ലഭ്യമായാല്‍ ലൈസന്‍സ് അടക്കമുള്ള മറ്റ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മാരിടൈം ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.കേന്ദ്രഅനുമതിയും വേഗത്തില്‍ തന്നെ ലഭ്യമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷം. യാത്രക്കാര്‍ക്ക് ഒപ്പം ചരുക്കും വഹിക്കാന്‍ കഴിയുന്ന കപ്പലുകള്‍ ആണ് പരിഗണിക്കുന്നത്.