ദുബൈയില്‍ ആകാശടാക്‌സി സര്‍വീസ് 2025 ഡിസംബറില്‍ ആരംഭിക്കുമെന്ന്
ജോബി ഏവിയേഷന്‍.ആദ്യഘട്ടത്തില്‍ നാല് വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നാണ് സര്‍വീസ്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ആകാശടാക്‌സി യാത്രയ്ക്ക് ബുക്ക് ചെയ്യാം എന്നും ജോബി ഏവിയേഷന്‍ അറിയിച്ചു.ദുബൈയില്‍ ആരംഭിച്ച ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ് വേള്‍ഡ് കോണ്‍ഗ്രസില്‍ ആണ് ആകാശടാക്‌സി സര്‍വീസ് സംബന്ധിച്ച വിശദാംശങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ജോബി ഏവിയേഷന്‍ പ്രഖ്യാപിച്ചത്.
2025 ഡിസംബറില്‍ ആകാശ ടാക്‌സി ആരംഭിക്കുന്നതിന് ആണ് ശ്രമം. ആകാശടാക്‌സിക്കായി ആദ്യഘട്ടത്തില്‍ ദുബൈ രാജ്യാന്തരവിമാനത്താവളം, പാം ജുമൈറ,ഡൗണ്‍ടൗണ്‍,ദുബൈ മറീന എന്നിവടങ്ങളിലായി നാല് വെര്‍ട്ടിപോര്‍ട്ടുകള്‍ ആണ് നിര്‍മ്മിക്കുന്നത്. സ്‌കൈപോര്‍ട്‌സ് ആണ് ആകാശ ടാക്‌സികള്‍ക്കുള്ള വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത്. ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി ആകാശടാക്‌സി യാത്ര ബുക്ക് ചെയ്യാം.യാത്രക്കാരെ വെര്‍ട്ടിപോര്‍ട്ടിലേക്ക് എത്തിക്കുന്നതിനും വെര്‍ട്ടിപോര്‍ട്ടില്‍ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിനുമായി യൂബറുമായി കരാര്‍ ഒപ്പുവെച്ചുവെന്നും ജോബി ഏവിയേഷന്‍ അറിയിച്ചു. ദുബൈ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും പാം ജുമൈറയിലേക്ക് ആകാശ ടാക്‌സിയില്‍ പത്ത് മിനുട്ട് കൊണ്ട് എത്തിച്ചേരാം.
ഒരു പൈലറ്റിനും നാല് യാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്നതാണ് ജോബി ഏവിയേഷന്റെ ആകാശടാക്‌സി.ദുബൈയില്‍ ആകാശ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതിന് ആര്‍ടിഎയുമായി കരാര്‍ ഒപ്പുവെച്ച കമ്പനിയാണ് ജോബി ഏവിയേഷന്‍.ആര്‍ടിഎയുമായി കൈര്‍ത്താകും എമിറേറ്റില്‍ ആകാശ ടാക്‌സി സര്‍വീസ് നടത്തുക. ആകാശ ടാക്‌സി സര്‍വീസിനുള്ള പ്രവര്‍ത്തന ലൈസന്‍സിന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടിക്കും ജോബി ഏവിയേഷന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.