കണ്ണൂർ വി സിയായുള്ള ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കി. നിയമനം ചട്ടവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും കോടതി ഉത്തരവിൽ പറയുന്നു. വി സി നിയമനത്തിൽ അധികാരപരിധിയിൽ ബാഹ്യശക്തികൾ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.
നാല് ചോദ്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. വിസിയുടെ പുനർനിയമനം സാധ്യമാണോ എന്നതാണ് ഒന്നാമത്തേത്. അത് സാധ്യമാണെന്ന് കോടതി കണ്ടെത്തി. വി സി പുനർനിയമനത്തിന് പ്രായപരിധി ബാധകമാകുമോ എന്നാണ് രണ്ടാമത് പരിശോധിച്ചത്. 60 വയസ് എന്ന പ്രായപരിധി ഇല്ല എന്ന് ഇക്കാര്യത്തിൽ കോടതി തീരുമാനത്തിലെത്തി. 60 വയസ് കഴിഞ്ഞവരെയും നിയമിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. സർവ്വകലാശാല ചാൻസലർ എന്ന രീതിയിലാണ് ഗവർണർ ഈ നിയമനം നടത്തേണ്ടത്. എന്നാൽ, തനിക്ക് മേൽ ഇക്കാര്യത്തിൽ വലിയ സമ്മർദ്ദമുണ്ടായെന്ന് ഗവർണർ തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെ തനിക്ക് കത്തെഴുതി. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ പുനർനിയമനത്തിന് അനുമതിനൽകിയതെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഗവർണർ എന്ന നിയമന അതോറിറ്റി ബാഹ്യശക്തികൾക്ക് വഴങ്ങി എന്നാണ് മനസിലാക്കേണ്ടത്. അത്തരത്തിലൊരു നിയമനം ചട്ടവിരുദ്ധമാണ് എന്നാണ് വിലയിരുത്തൽ. ഈ നിയമനരീതിയെ ചോദ്യം ചെയ്തുകൊണ്ടാണ് നടപടി റദ്ദാക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നിർണായക നിരീക്ഷണങ്ങളാണ് കോടതിയിൽ നിന്ന് ഇതുസംബന്ധിച്ച് ഉണ്ടായത്. നിയമനവുമായി ബന്ധപ്പെട്ട് ഗവർണറെയും സംസ്ഥാന സർക്കാരിനെയും ഹൈക്കോടതിയെയും സുപ്രീംകോടതി വിമർശിച്ചു. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് ഗവർണർക്ക് തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായി എന്ന് കോടതി ചൂണ്ടിക്കാട്ടി. അതിന് വഴങ്ങിയതിലൂടെ ഗവര്‍ണര്‍ അധികാരം ദുർവിനിയോഗം ചെയ്തു എന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെ ബി പർദിവാലയാണ് വിധി പ്രസ്താവിച്ചത്.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു. 2021 നവംബര്‍ 23 നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശുപാര്‍ശ അംഗീകരിച്ച് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയത്.