ഖത്തര്‍: ഉച്ചസമയത്തെ ഇരുചക്ര വാഹന ഡെലിവറി സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. രാവിലെ പത്ത് മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് നിയന്ത്രണം. ജൂണ്‍ ഒന്നിന് പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും. രാജ്യത്ത് താപനില 47 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയതോടെയാണ് പുതിയ നിയന്ത്രണം. കനത്ത ചൂടില്‍ ഇരുചക്ര വാഹനങ്ങളില്‍ ഡെലിവറി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തൊഴില്‍ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ നിയന്ത്രണം തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. കനത്ത ചൂടില്‍ സൂര്യാഘാതം, ഉഷ്ണ സമ്മര്‍ദ്ദം പോലുള്ള അപകടങ്ങളില്‍ നിന്നും ഡെലിവറി ജീവനക്കാരെ സംരക്ഷിക്കുന്നതിനാണ് പുതിയ പ്രഖ്യാപനം. കടുത്ത ചൂടിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമായാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. വേനല്‍ചൂട് കനത്തതോടെ ജൂണ്‍ ഒന്ന് മുതല്‍ പുറം ജോലികള്‍ക്ക് ഉച്ചവിശ്രമ നിയമം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രാവിലെ 10 മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് പുറം ജോലികളിലെ നിയന്ത്രണം.