കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ ബാനറുകള്‍ നീക്കം ചെയ്തതിന് പിന്നാലെ ക്യാമ്പസില്‍ വീണ്ടും ബാനര്‍ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊലീസുകാരോട് കയര്‍ത്തിന് പിന്നാലെ ബാനറുകള്‍ നീക്കം ചെയ്തിരുന്നു. പിന്നാലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രകടനമായി ക്യാമ്പസിലെത്തി. പൊലീസുകാരോട് കയര്‍ത്ത് സംസാരിച്ച പിഎം ആര്‍ഷോയും പ്രവര്‍ത്തകരും ബാരിക്കേഡിന് മുകളില്‍ വീണ്ടും കറുത്ത ബാനര്‍ ഉയര്‍ത്തുകയായിരുന്നു.
ഡൗണ്‍ ഡൗണ്‍ ഗവര്‍ണര്‍ എന്നെഴുതിയ ബാനറാണ് ഉയര്‍ത്തിയത്. ഇതിനുശേഷം ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു. പൊലീസുകാരോടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയര്‍ത്തു. ഞങ്ങളെ തടയരുതെന്നും ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കിയാല്‍ മതിയെന്നും പൊലീസിനോട് പറഞ്ഞു. ശേഷമാണ് ബാനര്‍ ഉയര്‍ത്തിയത്.
നാളെ ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാറിന്‍റെ ബാനര്‍ കീറിയെടുത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നും ബാനറുകള്‍ ക്യാമ്പസില്‍ തന്നെയുണ്ടാകുമെന്നും പിആര്‍ഷോ പറഞ്ഞു. നാളെ നേരം പുലരുമ്പോള്‍ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ബാനറുകള്‍ ഉയരും. ഗവര്‍ണറെ പിന്തുണച്ചുകൊണ്ടുള്ള ആര്‍എസ്എസിന്‍റെ ഒരു ബാനര്‍ പ്രതിഷേധ സൂചകമായി കത്തിക്കുകയാണെന്നും ആര്‍ഷോ പറഞ്ഞു.
ഗവര്‍ണര്‍ കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന നിലയിലേക്ക് പൊലീസുകാര്‍ മാറരുതെന്നും ആര്‍ഷോ പറഞ്ഞു. ആരിഫ് ഖാന്‍ വന്ന് തന്‍റെ ബാത്ത് റൂം കഴുകാന്‍ പറയുമ്പോള്‍ പോയി കഴുകുന്ന തരത്തില്‍ പൊലീസിന്‍റെ അന്തസ് കളയരുതെന്നും ആര്‍ഷോ ആരോപിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ ഉയർത്തിയ ബാനറുകൾ മാറ്റാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി നേരത്തെ പറഞ്ഞിരുന്നു. ഒരു ബാനർ നീക്കിയാൽ നൂറു ബാനറുകൾ വേറെ ഉയരും. ഗവർണർ രാജാവും സർവകലാശാല രാജപദവിക്കു കീഴിലുള്ളസ്ഥലവുമല്ല. ഗവർണർ ആക്രമിക്കപ്പെടണം എന്നതാണ് അദ്ദേഹത്തിന്‍റെ ആവശ്യം. അത് നടക്കാത്തത് കൊണ്ടാണ് ഗവർണർ ക്യാമ്പസിൽ ഇറങ്ങി നടന്നു ബാനറിനെതിരെ സംസാരിച്ചത്. ഗവർണറേ ആക്രമിക്കുക എന്നതല്ല എസ് എഫ് ഐ സമര രീതി. ലാത്തിയടിയേറ്റാൽ ഞങ്ങളെ തല്ലുന്നു എന്ന് വിലപിക്കുന്ന കെ എസ് യു കാരെ പോലെ അല്ല എസ് എഫ് ഐയെന്നും ഇന്നലെ നിരവധി പേർക്കാണ് സമരത്തിൽ പരിക്കേറ്റതെന്നും പിഎം ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.



