ചെങ്കടലില്‍ കൂടിയുള്ള ചരക്ക് കപ്പല്‍ യാത്രയ്ക്ക് വീണ്ടും ഭീഷണി
സൃഷ്ടിച്ച് യെമനിലെ ഹൂത്തി വിമതര്‍.കപ്പല്‍ കമ്പനികള്‍ക്ക് നേരിട്ട് ഭീഷണി സന്ദേശം അയക്കുകയാണ് ഹൂത്തികള്‍.പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥാ കനക്കുമ്പോള്‍ യെമനിലെ ഹൂത്തികളും പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്. ഒരു ഗ്രീക്ക് ഷിപ്പിംഗ് കമ്പനിക്കാണ് ഹൂത്തികളുടെ ഭീഷണി സന്ദേശം ഇമെയ്‌ലില്‍ ലഭിച്ചത്. കമ്പനികളുടെ കപ്പലുകളില്‍ ഒന്ന് ചെങ്കടല്‍ വഴി സഞ്ചരിച്ചാല്‍ ആക്രമിക്കും എന്നാണ് ഹൂത്തികളുടെ ഭീഷണി.
ഇസ്രയേല്‍ തുറമുഖത്ത് നങ്കൂരമിട്ടുവെന്ന പേരിലാണ് കപ്പല്‍ ആക്രമിക്കുമെന്ന് ഹൂത്തികള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഹുത്തികള്‍ ഏര്‍പ്പെടുത്തിയ വിലക്ക് കപ്പല്‍ ലംഘിച്ചിരിക്കുകയാണെന്നും ചെങ്കടല്‍ വഴി സഞ്ചരിച്ചാല്‍ നേരിട്ട് ആക്രമിക്കും എന്നും ഹൂത്തികള്‍ കപ്പല്‍ കമ്പനിക്ക് അയച്ച ഇ-മെയ്‌ലില്‍ പറയുന്നു.കഴിഞ്ഞ നവംബറിന് ശേഷം നൂറോളം ആക്രണങ്ങളാണ് ഹൂത്തികള്‍ ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ ലക്ഷ്യമിട്ട് നടത്തിയത്.
ഗാസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ചെങ്കടലിലെ ഹൂത്തികളുടെ ആക്രമണം. രണ്ട് കപ്പലുകള്‍ ഹൂത്തി ആക്രമണത്തില്‍ പൂര്‍ണ്ണമായും മുങ്ങി. ഒരു കപ്പല്‍ പിടിച്ചെടുത്തു. നാല് നാവികര്‍ ഹൂത്തി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.ഹൂത്തികള്‍ ചെങ്കടലലില്‍ ഉയര്‍ത്തുന്ന ഭീഷണി ആഗോളചരക്ക് നീക്കത്തില്‍ പ്രതിസന്ധി സൃഷ്ടിക്കും.