ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടുവെന്ന പരാതിയില്‍ നടന്‍ പ്രകാശ് രാജിനെതിരെ കര്‍ണാടക പോലീസ് പോലീസ് കേസെടുത്തു. ഹിന്ദു സംഘടനകളുടെ നേതാക്കള്‍ നല്‍കിയ പരാതിയിലാണ് ബാഗല്‍കോട്ട് ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ലുങ്കിയുടുത്ത ഒരാള്‍ ചായ അടിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രം ചന്ദ്രയാന്‍ -3 ദൗത്യവുമായി ബന്ധപ്പെടുത്തി പ്രകാശ് രാജ് എക്‌സില്‍ പങ്കുവച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെക്കുകയായിരുന്നു. ലുങ്കി മടക്കിക്കുത്തി, ഷർട്ട് ധരിച്ച്, ചായ അടിക്കുന്നയാളുടെ കാരിക്കേച്ചറാണ് പ്രകാശ് രാജ് പങ്കുവച്ചത്. ‘ബ്രേക്കിങ് ന്യൂസ്: ചന്ദ്രനിൽനിന്ന് വിക്രം ലാൻഡർ അയയ്ക്കുന്ന ആദ്യ ചിത്രം’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഐഎസ്‍ആർഒയെയും അവിടെയുള്ള ശാസ്ത്രജ്ഞരുടെ ആത്മസമർപ്പണത്തെയും പരിഹസിച്ചു എന്നാണ് നടനെതിരെ ഉയർന്ന ആരോപണം.