സാമ്പത്തികപ്രതിസന്ധിയിലായ ഗോഫസ്റ്റ് എയര്‍ലൈന്‍ ഓര്‍മ്മയാകുന്നു.എയര്‍ലൈന്റെ ആസ്തി വിറ്റ് ബാധ്യത തീര്‍ക്കാന്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ ഉത്തരവ് നല്‍കി.ഗോഫസ്റ്റില്‍ നിന്നും പണം ലഭിക്കാനുള്ളവരുടെ കൂട്ടായ്മയാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.6521 കോടി രൂപയാണ് ഗോഫസ്റ്റിന്റെ ബാധ്യത.ഇന്ത്യയിലെ പ്രമുഖ ബാങ്കുകള്‍ക്ക് അടക്കം ഗോഫസ്റ്റില്‍ നിന്നും വന്‍തുക ലഭിക്കാനുണ്ട്.കമ്പനിയുടെ ആസ്തികള്‍ പണമാക്കി മാറ്റി വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് അടക്കം നല്‍കുന്നതിനാണ് നിര്‍ദ്ദേശം.പതിനേഴ് വര്‍ഷത്തോളം സര്‍വീസ് നടത്തിയ ഗോഫസ്റ്റ് 2023 മെയ് മൂന്നിന് ആണ് പ്രവര്‍ത്തനം നിര്‍ത്തിയത്.2023 മെയില്‍ തന്നെ ഗോഫസ്റ്റ് പാപ്പര്‍ ഹര്‍ജി നല്‍കിയിരുന്നു.
എയര്‍ലൈന്‍ ഏറ്റെടുക്കുന്നതിന് പലരും മുന്നോട്ട് വന്നെങ്കിലും അതൊന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല.ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 6.4 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്ന ഗോഫസ്റ്റ് യുഎഇ അടക്കം ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തിയിരുന്നു.ഗോഎയര്‍ എന്ന പേരില്‍ സര്‍വീസ് നടത്തിയിരുന്ന എയര്‍ലൈന്‍ 2023-ലാണ് ഗോഫസ്റ്റ് എന്ന് പേര് മാറ്റിയത്.കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 27 വിമാനകമ്പനികള്‍ ആണ് അടച്ചുപൂട്ടുകയോ മറ്റ് കമ്പനികളുമായി ലയിപ്പിക്കുകയോ ചെയ്തത്.