അശോക് ഗെഹ്ലോട്ടിൻ്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ രാജസ്ഥാനിൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. അതൃപ്തി നേതൃത്വത്തെ അറിയിക്കാൻ ഒരുങ്ങുകയാണ് സച്ചിൻ പൈലറ്റ് വിഭാഗം. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് ഗെഹ്ലോട്ട് നടത്തിയ പ്രസ്താവനയിൽ ഉള്ള അതൃപ്തി ഇതിനോടകം മറ നീക്കി പുറത്തു വന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തുന്ന പ്രിയങ്ക ഗാന്ധിയെ സച്ചിൻ അതൃപ്തി അറിയിക്കും.
പദവി ഒഴിയാന്‍ ആഗ്രഹിക്കുന്നു, പക്ഷെ ഈ പോസ്റ്റ് എന്നെ വിട്ടുപോകുന്നില്ല, അതൊരിക്കലും എന്നെ കൈവിടില്ലെന്ന് കരുതുന്നുവെന്നാണ് അശോക് ഗെഹ്ലോട്ടിന്റെ വിവാദ പ്രസംഗം. മുഖ്യമന്ത്രി പദത്തെ സംബന്ധിച്ചുള്ള ഗെഹ്ലോട്ടിൻ്റെ പ്രസ്താവനയിൽ ഹൈക്കമാന്റിന് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് പൈലറ്റ് ക്യാമ്പ്. ഗലോട്ടിന്റെ പ്രസ്താവന അനവസരത്തിൽ ആണെന്നും, ഐക്യ നീക്കത്തിന് തിരിച്ചടിയാകുമെന്നുമാണ് പൈലറ്റ് ക്യാമ്പിൽ വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് ശേഷമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. യുവാക്കൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകണമെന്നും ആണ് മറു വിഭാഗത്തിൻ്റെ ആവശ്യം. സ്ഥാനാർത്ഥി നിർണയ ചർച്ചകളെയും പ്രസ്താവന ബാധിക്കുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ എത്തും. ദൗസയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും രാജസ്ഥാനിൽ അനിശ്ചിതത്വം തുടരുകയാണ്.