ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലേക്ക് പ്രതിനിധി സംഘത്തെ അയച്ച ഇസ്രയേല്‍ ഭരണകൂടം.ചര്‍ച്ചകള്‍ക്കുള്ള ക്ഷണം സ്വീകരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുന്നതിന് തെന്യാഹു നാളെ അമേരിക്കയില്‍ എത്തും.ഖത്തര്‍ തലസ്ഥാനമായ ദോഹ കേന്ദ്രീകരിച്ചാണ് ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്.മധ്യസ്ഥ രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ അംഗീകരിക്കാന്‍ കഴിയാത്ത മാറ്റങ്ങളാണ് ഹമാസ് ആവശ്യപ്പെടുന്നത് എന്ന് ബെന്യമിന്‍ നെതന്യാഹു ആരോപിച്ചു.എങ്കിലും ചര്‍ച്ചകള്‍ക്ക് പ്രതിനിധി സംഘത്തെ അയക്കുകയാണെന്നും നെതന്യാഹു അറിയിച്ചു.താത്കാലിക വെടിനിര്‍ത്തല്‍ പരാജയപ്പെട്ടാല്‍ ആക്രമണം വീണ്ടും ആരംഭിക്കില്ലെന്ന് അമേരിക്ക ഉറപ്പ് നല്‍കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ആണ് ഹമാസ് മുന്നോട്ടുവെച്ചിരിക്കുന്നത്.യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണം എന്നും നിര്‍ദ്ദേശവും ഹമാസ് മുന്നോട്ട് വെയ്ക്കുന്നുണ്ട്.
നാളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ബെന്യമിന്‍ നെതന്യാഹു വാഷിങ്ടണ്ണില്‍ നടത്തുന്ന കൂടിക്കാഴ്ച നിര്‍ണ്ണായകമാകും.ഇസ്രയേല്‍-ഗാസ യുദ്ധം സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഉണ്ടാകും എന്നാണ് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.എന്നാല്‍ ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തിന്റെ സമ്പൂര്‍ണ്ണ പിന്മാറ്റം അടക്കമുളള ഹമാസിന്റെ ഡിമാന്‍ഡുകള്‍ അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ല.ഗാസയില്‍ നിന്നും ഘട്ടംഘട്ടമായുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍മാറ്റം ആണ് അമേരിക്ക മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തില്‍ ഉള്ളത്.അറുപത് ദിവസം നീണ്ടുനില്‍ക്കുന്ന താത്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് ആണ് മധ്യസ്ഥരുടെ ശ്രമം.വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് ഒന്നാം ദിവസം മുതല്‍ തന്നെ തുടര്‍ചര്‍ച്ചകളും തുടങ്ങാം എന്നാണ് മധ്യസ്ഥര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.