ഗാസയില്‍ യു.എസ് പിന്തുണയോടെ നടത്തുന്ന ബദല്‍ ഭക്ഷണവിതരണത്തിനിടയില്‍ തിക്കിലും തിരക്കിലും ഒരു മരണം.നാല്‍പ്പതിലധികം പേര്‍ക്ക് പരുക്കേറ്റു.ഐക്യരാഷ്ട്രസഭയെ ഒഴിവാക്കിയുള്ള ഭക്ഷണവിതരണത്തിന് എതിരെ രാജ്യാന്തരതലത്തില്‍ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്.
ഇന്നലെ റഫായിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.വേലിതകര്‍ത്തും നിയന്ത്രണങ്ങള്‍ ലംഘിച്ചും ഭക്ഷ്യക്കിറ്റുകള്‍ കൈക്കലാക്കാന്‍ കടുത്ത പട്ടിണി നേരിടുന്ന പലസ്തീനികള്‍ ശ്രമിച്ചതാണ് തിക്കിലും തിരക്കിലും കലാശിച്ചത്.നിരക്ക് നിയന്ത്രിക്കുന്നതിന് ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും ചെയ്തു.ഐക്യരാഷട്രസഭയേയും മറ്റ് സന്നദ്ധസംഘടനകളേയും ഒഴിവാക്കിയാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയോട് കൂടി ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനം ഭക്ഷണവിതരണം ആരംഭിച്ചത്.ഈ സ്ഥാപനം വഴി വിതരണം നടത്തുന്നതിലൂടെ ഹമാസിന്റെ നിയന്ത്രണത്തില്‍ നിന്നും കാര്യങ്ങള്‍ മാറ്റാന്‍ കഴിയും എന്നാണ് ഇസ്രയേലിന്റെയും അമേരിക്കയുടേയും പ്രതീക്ഷ.വിശക്കുന്ന ജനക്കൂട്ടം ഭക്ഷണത്തിനായി തിക്കുംതിരക്കും കൂട്ടുന്ന ഞെട്ടിക്കുന്ന കാഴ്ച്ചയാണ് ഇന്നലെ കണ്ടതെന്ന് പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി മേധാവി ഫിലിപ്പ് ലസ്സാരിനി പറഞ്ഞു.ഈ നിലയ്ക്കുള്ള ഭക്ഷണവിതരണം കുഴപ്പംപിടിച്ചതും മാന്യതയില്ലാത്തതും ആണെന്നും ഫിലിപ്പ് ലസ്സാരിനി പറഞ്ഞു.
ഐക്യരാഷ്ട്രസഭയെ ഒഴിവാക്കിയുള്ള ബദല്‍ ഭക്ഷണവിതരണത്തിന് എതിരെ യൂറോപ്യന്‍ യൂണിയനും രംഗത്ത് എത്തി.പുതിയ രീതിയിലുള്ള മാനുഷികസഹായ വിതരണത്തെ പിന്തുണയ്ക്കുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.മാനുഷികസഹായവിതരണത്തെ സ്വകാര്യവത്കരിക്കാന്‍ പാടില്ല.മാനുഷികസഹായത്തെ ആയുധമാക്കാന്‍ പാടില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചു.