സംസ്ഥാനത്തെ മന്ത്രിസഭാ പുനഃസംഘടന ഡിസംബര്‍ അവസാനം നടക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. നവകേരള സദസ്സിന് ശേഷമായിരിക്കും പുനഃസംഘടനയെന്ന് ജയരാജന്‍ അറിയിച്ചു. അഹമ്മദ് ദേവര്‍കോവിലിനു പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആന്റണി രാജുവിനു ശേഷം കെ.ബി. ഗണേഷ്‌കുമാറുമായിരിക്കും പുതുതായി മന്ത്രിസ്ഥാനമേറ്റെടുക്കുക. നിലവിലെ രണ്ട് മന്ത്രിമാരുടെ രണ്ടര വര്‍ഷമെന്ന കാലാവധി നവംബര്‍ 20-ന് പൂര്‍ത്തിയാവും.
നവംബര്‍ 18 മുതലാണ് നവകേരള സദസ്സ് നടക്കുന്നത്. ഡിസംബര്‍ 24 വരെ നീണ്ടുനില്‍ക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം ഡിസംബർ 24ന് അവസാനിക്കും. മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം ഉണ്ടാകില്ലെന്ന സൂചനയും എൽഡിഎഫ് കൺവീനർ നൽകി. മുന്നണിയിലെ നാല് ഘടകക്ഷികള്‍ക്ക് രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു തീരുമാനം.
സംസ്ഥാനം വലിയ സാമ്പത്തിക ബുദ്ധിമുട്ട് അഭിമുഖീകരിക്കുകയാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരേ ദേശീയ-സംസ്ഥാന തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും എൽഡിഎഫ് യോഗത്തിൽ തീരുമാനമായി. ദേശീയതലത്തില്‍ ദില്ലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന വലിയ പ്രക്ഷോഭം സംഘടിപ്പിക്കും.
കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധിക്കാൻ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ സഹകരണവും തേടും. ഇതിന് ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ ചുമതലപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാരുമായും ധനമന്ത്രിമാരുമായും ബാലഗോപാൽ നേരിട്ട് ചർച്ച നടത്തും. റബ്ബർ കർഷകരെ സംരക്ഷിക്കാൻ പ്രതിഷേധ പരിപാടികളുടെ ആദ്യഘട്ടമെന്ന നിലയിൽ കോട്ടയത്ത് കൺവൻഷൻ വിളിക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.