കേരളം: അതിതീവ്ര മഴയില്‍ വിവിധ ജില്ലകളില്‍ വ്യാപകനാശം ഉണ്ടായി. നദികളില്‍ ജലനിരപ്പുയരുന്നതിനാല്‍ തീരപ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാള്‍ തീരത്തിന് സമീപം തീവ്ര ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായതോടെയാണ് മഴ ശക്തി പ്രാപിച്ചത്. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും വീടുകള്‍ തകര്‍ന്നു. മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നാണ് കണക്ക്. വിഴിഞ്ഞം തീരത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി ഒരാള്‍ മരിച്ചു. റോഡുകളില്‍ വെള്ളം കയറി. പലയിടങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസപ്പെട്ടു. ട്രെയിന്‍ ഗതാഗതവും താറുമാറായി. വിവിധ ജില്ലകളില്‍ തീവ്ര അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. നദീതീരങ്ങളില്‍ തീവ്രത അനുസരിച്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദികളില്‍ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്ന് കര്‍ശന നിര്‍ദേശം. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്.