ചൊവ്വാഴ്ച പുലർച്ചെ കേരളത്തിലെത്തിയ കൊലയാളി കാട്ടാന ബേലൂർ മഖ്ന കർണാടക ഭാഗത്തേക്ക് മടങ്ങി. ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ പെരിക്കല്ലൂര്‍ ജനവാസ മേഖലയില്‍ ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.
കബനി പുഴ കടന്നാണ് ആന പെരിക്കല്ലൂര്‍ ഭാഗത്ത് എത്തിയത്. ഇന്നലെ ബൈരക്കുപ്പയിലേക്ക് നീങ്ങിയ ആന പുഴ കടന്ന് തിരികെയെത്തുകയായിരുന്നു. തുര്‍ന്ന് ബേലൂര്‍ മഗ്ന വീണ്ടും ബൈരക്കുപ്പയിലേക്കാണ് പോയിരിക്കുന്നത്.
അതേസമയം പത്ത് ദിവസത്തോളമായിട്ടും ബേലൂര്‍ മഗ്നയെ പിടികൂടാനാകാത്തതിനാല്‍ പ്രതിഷേധം ശക്തമാണ്. ദൗത്യസംഘത്തിലുണ്ടായിരുന്ന ഡോ. അരുണ്‍ സഖറിയ അടക്കമുള്ളവര്‍ പുല്‍പള്ളിയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി നീങ്ങിയിരുന്നു. വന മേഖലയിലൂടെ നിർത്താതെ സഞ്ചരിക്കുന്നതാണ് ദൗത്യം ദുഷ്‌കരമാക്കുന്നത്.