യുഎഇയില്‍ ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസ്. അശ്രദ്ധമൂലം കുട്ടികള്‍ക്ക് അപകടമുണ്ടായാല്‍ മാതാപിതാക്കള്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കും. ക്രിമിനല്‍ കുറ്റമായി കണക്കാക്കിയാകും ശിക്ഷ നല്‍കുക.
രാജ്യത്ത് ചൂട് വലിയ അളവില്‍ വര്‍ദ്ധിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് അബുദബി പൊലീസ്. കനത്ത ചൂടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തുന്നത് അപകടമാണ്. കടുത്ത ചൂടും വാഹനത്തിലെ ഓക്‌സിജന്‍ അളവ് കുറയുന്നതോടെ സൂര്യാഘാതം, നിര്‍ജലീകരണം എന്നിവയ്ക്കു കാരണമാകുകയും കുട്ടി മരണപ്പെടുന്നതിനും കാരണമാകും. ചെറിയ അശ്രദ്ധ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് മുന്നറിയിപ്പ്. കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കിപോകുകയും അപകടങ്ങള്‍ സംഭവിക്കുകയും ചെയ്താല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കും. അയ്യായിരം ദിര്‍ഹം പിഴയും തടവ് ശിക്ഷയും ലഭിക്കും.
മാതാപിതാക്കള്‍ക്കോ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്നവര്‍ക്കോ ശിക്ഷ നേരിടേണ്ടിവരും. വെയിലത്തു നിര്‍ത്തിയിട്ട കാറിനകത്തെ ഊഷ്മാവ് പുറത്തുള്ളതിനെക്കാള്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഈ സമയത്ത് ഒരു മിനിറ്റ് കുട്ടി വാഹനത്തില്‍ അകപ്പെട്ടാല്‍ പോലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കു നയിക്കും. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. രാജ്യത്ത് പകല്‍ സമയത്തെ ഉയര്‍ന്ന താപനില 51.6 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.