ഒമാനിലെ വാദി അല്‍ കബീറിലുണ്ടായ വെടിവെയ്പിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെ നടന്ന വെടിവെയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്.
ടെലിഗ്രാം ചാനലില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയില്‍ ആണ് ഇസ്ലാമിക് സ്റ്റേറ്റ് വാദി അല്‍ കബീറിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തക്. ഇസ്ലാമിക് സ്റ്റേറ്റിന്റെ മസ്‌ക്കത്തിലെ പേരാളികളാണ് ആക്രമണം നടത്തിയതെന്നും ഐ.എസ് അവകാശപ്പെട്ടു. ഷിയാവിഭാഗക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നും ഇസ്ലാമിക് സ്റ്റേറ്റ് ടെലിഗ്രാമിലെ ആമാഖ് എന്ന ചാനലിലൂടെ അവകാശപ്പെട്ടു.
ഇറാഖ്,അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഷിയാ വിഭാഗക്കാരെ ലക്ഷ്യമിട്ട് ഇസ്ലാമിക് സ്റ്റേറ്റ് തുടര്‍ച്ചയായി ആക്രമണം നടത്തുന്നുണ്ടെങ്കിലും ഒമാനില്‍ ഇത് ആദ്യമാണ്. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിലെ വാദി അല്‍ കബീറിലെ ഷിയാ പള്ളിയില്‍ ആണ് ഇന്നലെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും കൊല്ലപ്പെട്ടെന്ന് മസ്‌ക്കത്തിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രഭാത നമസ്‌കാരത്തിന് എത്തിയ വിശ്വാസികളെ ഭീകരര്‍ ബന്ദികളാക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയ ഏറ്റുമുട്ടലിലൂടെയാണ് ബന്ദികളാക്കിയവരെ മോചിപ്പിച്ചത്. പള്ളയില്‍ വെടിവെയ്പ് നടത്തിയ മൂന്ന് പേരെയും സുരക്ഷാ സേന കൊലപ്പെടുത്തി. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കുന്നത്.