ഒമാനില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിട്ടി. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ആണ് മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ ഇടിയോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അതോറിട്ടി അറിയിച്ചു.
ഓഗസ്റ്റ് അഞ്ച് ആറ് ഏഴ് തീയതികളില്‍ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ന്യൂനമര്‍ദ്ദം ആണ് മഴയ്ക്ക് കാരണം. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ആണ് മഴമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യത്യസ്ഥത തീവ്രതകളിലുള്ള ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത.
ചിലപ്പോള്‍ ഇടിയോട് കൂടി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇത് വാദികള്‍ നിറഞ്ഞൊഴുകുന്നതിനും മലവെള്ളപ്പാച്ചില്‍ രൂപപ്പെടുന്നതിനും കാരണമായേക്കും എന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.മിക്കമാറും എല്ലാ വടക്കന്‍ എമിറേറ്റുകളേയും ന്യുനമര്‍ദ്ദം ബാധിച്ചേക്കും എന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
കാലാവസ്ഥയിലെ മാറ്റങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും പൊതുജനങ്ങള്‍ സര്‍ക്കാര്‍ അറിയിപ്പുകള്‍ പാലിക്കണം എന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി അറിയിച്ചു.
രാജ്യത്ത് ചിലയിടങ്ങളില്‍ ശക്തമായ കാറ്റ് വീശിയേക്കും എന്നും അറിയിപ്പുണ്ട്. ഒമാനില്‍ താപനിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 46.9 ഡിഗ്രി സെല്‍ഷ്യസ് ആണ് പരമാവധി താപനില രേഖപ്പെടുത്തിയത്.