ഏഷ്യാ കപ്പിലെ ബാറ്റിങ് മികവില്‍ ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. 2019 ജനുവരിക്ക് ശേഷം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ടു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഈ വര്‍ഷം ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തുന്ന ഗില്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോഡും സ്വന്തമാക്കിയേക്കും. നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 64.51 ശരാശരിയില്‍ 904 റണ്‍സ് ഗില്‍ അടിച്ചെടുത്തിട്ടുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഈ വര്‍ഷം ഗില്‍ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷമാദ്യം ന്യൂസീലന്‍ഡിനെതിരേയായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ചുറി.
ഏഷ്യാ കപ്പില്‍ നേപ്പാള്‍, പാകിസ്താന്‍ മത്സരങ്ങളിലെ പ്രകടനമാണ് ഗില്ലിനും രോഹിത്തിനും കോലിക്കും തുണയായത്. 759 റേറ്റിങ് പോയന്റാണ് രണ്ടാം സ്ഥാനത്ത് ഗില്ലിനുള്ളത്. 715 റേറ്റിങ് പോയന്റോടെ കോലി എട്ടാമതാണ്. ഒമ്പതാം സ്ഥാനത്തുള്ള രോഹിത്തിന് 707 റേറ്റിങ് പോയന്റാണുള്ളത്.