ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ‘ഓപ്പറേഷന്‍ അജയ്’ ദൗത്യം ആരംഭിച്ചു.മലയാളികളടക്കം 212 പേരുമായി ടെല്‍ അവീവില്‍നിന്ന് എ.ഐ. 1140 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു.
വിദ്യാര്‍ഥികളടക്കം 18,000 ഇന്ത്യക്കരാണ് ഇസ്രായേലിൽ ഉള്ളതെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചവരെയാണ് ദൗത്യത്തിന്റെ ഭാഗമായി എത്തിക്കുന്നത്. മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇസ്രായേൽ എംബസിയിൽ തുടരുകയാണ്.
തിരികെ എത്തിക്കുന്ന കാര്യങ്ങളിൽ ഏകോപിപ്പിക്കാൻ പ്രത്യേക ഹെൽപ് ഡസ്ക് ഒരുക്കിയിട്ടുണ്ട്. ഇസ്രയേലില്‍നിന്ന് തിരികെ എത്തുന്ന മലയാളികളെ സഹായിക്കുന്നതിന് ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌കും സജ്സജ്ജമാക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079. ഒക്ടോബര്‍ പതിനെട്ടാം തീയതിവരെ ദിവസം ഒന്ന് എന്ന നിലയ്ക്ക് വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.