പശ്ചിമേഷ്യയില്‍ യുദ്ധവ്യാപന സാധ്യത വര്‍ദ്ധിപ്പിച്ച് ഇറാന്റെ ഇസ്രയേല്‍ ആക്രമണം.ഇറാന്‍ ചെയ്തതിന് കനത്ത വില നല്‍കേണ്ടിവരും എന്നും തിരച്ചടിയുണ്ടാകും എന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. ഇറാനില്‍ ശക്തമായ ആക്രമണത്തിന് ഇസ്രയേല്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് ആരംഭിച്ച ഗാസ യുദ്ധം ഇപ്പോള്‍ ലബനനിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ 180-ല്‍ അധികം മിസൈല്‍ കൂടി വര്‍ഷിച്ചതോടെ പശ്ചിമേഷ്യയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് യുദ്ധം വ്യാപിക്കുമോ എന്ന ആശങ്ക വര്‍ദ്ധിച്ചു.
ഇസ്രയേലിന് എതിരായ യുദ്ധം താത്കാലികമായി അവസാനിപ്പിച്ചുവെന്ന് ഇറാന്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു ഉദാഹരണം ആണെന്നും ഇനിയൊരു പ്രകോപനം ഉണ്ടാകുന്നത് വരെ തിരിച്ചടിയില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി സയീദ് അബ്ബാസ് അരാഗ്ച്ചി അറിയിച്ചു. എന്നാല്‍ പ്രകോപനം ഉണ്ടായാല്‍ പ്രതികരണം ഇതിലും കടുത്തതായിരിക്കും എന്നാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ഇന്നലത്തെ ആക്രണത്തിന് കൃത്യമായ തിരിച്ചടി നല്‍കും എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വ്യക്തമാക്കുന്നത്. ഇറാന്‍ വലിയ തെറ്റ് ചെയ്‌തെന്നും കനത്ത വില നല്‍കേണ്ടിവരും എന്നും നെതന്യാഹു പറഞ്ഞു.
ഇറാന്റെ എണ്ണപ്പാടങ്ങള്‍ അടക്കം ലക്ഷ്യമിട്ട് ഇസ്രയേല്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെ സ്വതന്ത്രമാക്കും എന്നാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു വ്യക്തമാക്കിയത്. ഇസ്രയേലിന് കടന്ന് ചെല്ലാന്‍ കഴിയാത്ത ഒരിടവും ഇല്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇസ്രയേല്‍ ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങിയാല്‍ അത് പശ്ചിമേഷ്യയില്‍ ഗുരുതര സാഹചര്യം തന്നെ സൃഷ്ടിക്കും.