ഭിന്നതകള്‍ക്കൊടുവില്‍ ഇന്ത്യാസഖ്യം ഉപേക്ഷിച്ച് ആം ആദ്മി പാര്‍ട്ടി. എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാര്‍ത്ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം.2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് സഖ്യം രൂപീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി ഇന്ത്യ സംഖ്യത്തില്‍ നിന്നും ഇപ്പോള്‍ പിന്മാറുന്നത്. ബിജെപിയും കോണ്‍ഗ്രസും രഹസ്യവും അഴിമതി നിറഞ്ഞതുമായ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് എഎപിയുടെ ആരോപണം.
വരാനിരിക്കുന്ന തെരഞ്ഞെടിുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് നീക്കം. നരേന്ദ്ര മോദിക്ക് രാഷ്ട്രീയപരമായി ഗുണം ലഭിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പറയുന്നതെന്നും ഇതിന് പകരമായി ഗാന്ധി കുടുംബത്തെ ജയിലിലേക്ക് പോകാതെ മോദി സംരക്ഷിക്കുന്നു എന്നും അതിരൂക്ഷ വിമര്‍ശനമാണ് എഎപി ഉന്നയിച്ചത്. രാജ്യത്തെ അടിസ്ഥാന കാര്യങ്ങള്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും താത്പര്യമില്ല. ഇന്ത്യന്‍ രാഷ്ട്രീയം ശുദ്ധീകരിക്കാന്‍ ഈ പിന്നണി ഗൂഢാലോന അവസാനിപ്പിക്കണമെന്നും പ്രസ്താവനയിലൂടെ എഎപി അറിയിച്ചു. എഎപിയെ സംബന്ധിച്ചിടത്തോളം സഖ്യം ലക്ഷ്യം നേടി. ഇനി സഖ്യത്തില്‍ തുടരാനില്ല. എല്ലാ സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.
ഇന്ത്യ സഖ്യത്തില്‍ നിന്നും ഒറ്റപ്പെട്ട ആംആദ്മി പാര്‍ട്ടി, ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച എഎപിയ്ക്ക് ദില്ലിയുടെ ഭരണം നഷ്ടമായി. പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയും ഉടലെടുത്തു.