ദില്ലി: ഇന്നലെ രാത്രി അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലെത്തി. പാക്ക് ഷെല്ലാക്രമണമോ ഡ്രോണ്‍ ആക്രമണമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. രാജസ്ഥാന്‍, ജമ്മു, പഞ്ചാബ് അതിര്‍ത്തികളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ-പാക്ക് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ഫോണില്‍ ചര്‍ച്ച നടത്തി. സംഘര്‍ഷ സാഹചര്യത്തില്‍ അടച്ച 32 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് ഇന്നത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും. നിലവില്‍ 14 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രത തുടരാനാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യ കനത്ത ജാഗ്രത തുടരും. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് സേനകള്‍ വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്വം നേരത്തേ നടത്തിയ ചര്‍ച്ചയിലും ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പഞ്ചാബിന്റെ അതിര്‍ത്തി മേഖലകളില്‍ ജീവിതം സാധാരണനിലയിലേക്കെത്തി. മേഖലകളിലെ മാര്‍ക്കറ്റുകള്‍ തുറന്നു. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഫിറോസ്പുര്‍, ഫാസിക, പഠാന്‍കോട്ട്, അമൃത്സര്‍, ടാന്‍ തരണ്‍, ഗുര്‍ദാസ്പുര്‍ ജില്ലകളിലെ സ്‌കൂളുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ മൂന്നു സേനകളും സംയുക്തമായി ഇന്ന് വാര്‍ത്താ സമ്മേളനം നടത്തും. ഡിജിഎംഒ തല ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടേക്കും.