അബുദബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎഇയില്‍ എത്തി. ഗാസയിലെ ഉഭയകക്ഷി പ്രശ്‌നങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍നഹ്യാന്‍ സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രമായ പങ്കാളിത്തത്തിന്റെ വിവിധ മേഖലകളില്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ചര്‍ച്ചകള്‍. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രകാരമുള്ള വിവിധ പദ്ധതികളും അവലോകനങ്ങളും ചര്‍ച്ചയായി. സാമ്പത്തിക ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 2022 ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചത്. വിവിധ മേഖലകളില്‍ സഹകരണം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. അബുദബി ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിലും വിദേശകാര്യ മന്ത്രി സന്ദര്‍ശനം നടത്തി. ക്ഷേത്രത്തിലെത്തിയ വിദേശകാര്യ മന്ത്രിയെ ബിഎപിഎസ് അധികൃതര്‍ സ്വീകരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമാണ് ക്ഷേത്രം. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യാഥാര്‍ത്ഥ സാംസ്‌കാരിക ബന്ധമാണ് ലോകത്തിനു മുമ്പില്‍ പ്രകടമാക്കുന്നതെന്നും എസ് ജയശങ്കര്‍ അറിയിച്ചു.