ആലുവ ചാത്തൻപുറത്ത് അതിഥി തൊഴിലാളിയുടെ മകളായ ഏട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ മലയാളിയായ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ചിത്രം കണ്ട് പീഡനത്തിനിരയായ കുട്ടി തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ് പി വിവേക് കുമാർ അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ ഇടപെട്ടതോടെയാണ് കുട്ടിയെ രക്ഷപ്പെടുത്താനായത്. നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗത്ത് പരിക്കുണ്ട്.
സമീപവാസിയായ സുകുമാരന്‍ രാത്രി രണ്ടുമണിയോടെ ശബ്ദം കേട്ട് വീടിന്റെ ജനലിലൂടെ നോക്കിയപ്പോഴാണ് ഒരാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ച് പരിസരത്തെ വീടുകളം പ്രദേശവും പരിശോധിച്ചു. അപ്പോഴാണ് നഗ്നയായി പെണ്‍കുട്ടി റോഡിലൂടെ ഓടുന്നത് കണ്ടതെന്ന് സുകുമാരന്‍ പറയുന്നു.
ബിഹാര്‍ സ്വദേശികളാണ് കുട്ടിയുടെ രക്ഷിതാക്കൾ. കുട്ടിയുടെ അച്ഛന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് പോയതിനാല്‍ അമ്മയും മൂന്ന് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജനല്‍വഴി കൈയിട്ട് വാതില്‍ തുറന്ന പ്രതി കുട്ടിയുമായി പുറത്തിറങ്ങുകയായിരുന്നു. നാട്ടുകാർ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി കുട്ടിയെ സമീപത്തെ വയലിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.