ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായി. 43 സാക്ഷികളെ വിസ്തരിച്ചു. 95 രേഖകളും പത്ത് തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. എറണാകുളം പോക്സോ കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്.
അഞ്ചുവയസുകാരി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ജ്യൂസ് നൽകി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിനെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന‍് ഹാജരാക്കിയത്. ജൂലൈയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി മാലിന്യക്കൂമ്പാരത്തില്‍വച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നതാണ് കേസ്. പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയതുമുതല്‍ ആലുവ മാര്‍ക്കറ്റിലെത്തിക്കുന്നതുവരെ നേരിൽ കണ്ട സാക്ഷികളെ വിസ്തരിച്ചു. കുട്ടിയെ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ ശരീരശ്രവങ്ങൾ കുട്ടിയുടെ സ്വകാര്യഭാഗത്തും വസ്ത്രങ്ങളിലുമുള്ളതായുള്ള ഫോറന്‍സിക് പരിശോധനാ ഫലവും കോടതിയിലെത്തിച്ചു.