അമേരിക്കയും യുഎഇയും അടക്കമുള്ള രാഷ്ട്രങ്ങളുടെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളി ഇസ്രയേല്‍. തലസ്ഥാന ബെയ്‌റൂത്ത് അടക്കം ലബനനില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രണം കടുപ്പിക്കുകയും ചെയ്തു. ലബനനില്‍ കരയുദ്ധം ആരംഭിക്കുമെന്ന സൂചനയും ഇസ്രയേല്‍ നല്‍കുന്നുണ്ട്.
അമേരിക്ക,യുഎഇ,സൗദി അറേബ്യ,യു.കെ തുടങ്ങിയ പന്ത്രണ്ട് രാജ്യങ്ങള്‍ ആണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ ഇരുപത്തിയൊന്ന് ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയില്‍ എത്തണം എന്ന് ആഹ്വാനം ചെയ്തത്. എന്നാല്‍ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്കയുടെ അടക്കം ആവശ്യം തള്ളിയ ഇസ്രയേല്‍ ലബനനില്‍ ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്തി. ബെയ്‌റൂത്ത് അടക്കം ലബനന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ ആക്രമണം ആണ് ഇസ്രയേല്‍ നടത്തുന്നത്. ബെയ്‌റൂത്തില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചെന്നും പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റെന്നും ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് മാത്രം ഇരുപത്തിയാറ് പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടു.
തിങ്കളാഴ്ച്ച ശേഷം ഇസ്രയേല്‍ ആക്രമണങ്ങളില്‍ അറുനൂറിലധികം പേരാണ് മരിച്ചത്.ഇസ്രയേല്‍ ആക്രമണം ഭയന്ന് തൊണ്ണൂറായിരത്തോളം പേര്‍ പലായനം ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ മാത്രം മുപ്പതിനായിരത്തോളം പേര്‍ ലബനനില്‍ വീടുകള്‍വിട്ടിറങ്ങിയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.പൂര്‍ണ്ണശക്തിയില്‍ ലബനനില്‍ ആക്രമണം നടത്താനാണ് ഇസ്രയേല്‍ സൈന്യത്തിന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നും ഇസ്രയേല്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ളയും റോക്കറ്റുകള്‍ തൊടുത്തു. വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുള്ളയുടെ ആക്രമണശ്രമം. പത്ത് റോക്കറ്റുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.